ന്യൂഡല്‍ഹി: എയ്ഡഡ് സ്ഥാപനങ്ങളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസും കാത്തലിക് സ്കൂള്‍ മാനേജ്മെന്റ് കണ്‍സോര്‍ഷ്യവും സുപ്രീംകോടതിയെ സമീപിച്ചു.
ആവശ്യം കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അംഗപരിമിതരുടെ സംവരണത്തിനാണ് നിയമം കൊണ്ടുവന്നതെന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയിലെ പ്രധാന ആരോപണം.
നിയമത്തിന്റെ പരിധിയില്‍ സ്വകാര്യ എയ്ഡഡ് മാനേജ്മെന്റുകളെ ഉള്‍പ്പെടുത്തിയിട്ടില്ല.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നതിനുള്ള അധികാരം മാനേജ്മെന്റുകള്‍ക്കാണ്. സംവരണം ചെയ്യപ്പെടേണ്ട തസ്തികകള്‍ പോലും വിജ്ഞാപനം ചെയ്തിട്ടില്ല. അതിനാല്‍ 2018ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവു പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കുന്നത് പ്രായോഗികമല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.



