ലാഗോസില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്ന 42 കാരനായ യാത്രക്കാരന്‍ അസാധാരണ സാഹചര്യത്തില്‍ മരിച്ചു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കിടയില്‍ വിമാനത്താവളങ്ങളില്‍ നടത്തുന്ന പരിശോധനകള്‍, തെര്‍മല്‍ സ്ക്രീനിംഗ് എന്നിവയെക്കുറിച്ചും പനി ബാധിച്ച ഒരു യാത്രക്കാരനെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചതിനെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഈ മരണം ഉയര്‍ത്തുന്നു.

വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ വിറയ്ക്കുന്നതായി കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷിച്ചപ്പോള്‍ യാത്രക്കാരന് മലേറിയ ഉണ്ടെന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ അറിയിച്ചിരുന്നു. ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വിമാനത്തിലെ ജീവനക്കാര്‍ അദ്ദേഹത്തിന് ഓക്സിജനും നല്‍കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച്‌ യാത്രക്കാരന്‍ മരിച്ചു. യാത്രക്കാരന്റെ വായില്‍ നിന്ന് രക്തസ്രാവമുണ്ടായതായും വൃത്തങ്ങള്‍ അറിയിച്ചു.

പുലര്‍ച്ചെ 3: 40 നാണ് വിമാനം മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. സ്വാഭാവിക മരണമാണെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. യാത്രക്കാരന് പനി ഉണ്ടെന്ന് നിഷേധിച്ച എയര്‍ ഇന്ത്യ, “അങ്ങനെയാണെങ്കില്‍ തങ്ങളുടെ ലാഗോസ് മെഡിക്കല്‍ സ്ക്രീനിംഗ് ടീം ഇത് കണ്ടെത്തുമായിരുന്നു” എന്ന് പറഞ്ഞു.

2020 ജൂണ്‍ 13 ന് AI1906 എന്ന വിമാനത്തില്‍ ലാഗോസ് മുതല്‍ മുംബൈ വരെയുള്ള ഒരു യാത്രക്കാരന്‍ ഇന്ന് സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചുവെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

“അത്തരം മെഡിക്കല്‍ അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ച ഞങ്ങളുടെ ജീവനക്കാര്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍, യാത്രക്കാരനെ രക്ഷിക്കാനുള്ള ധീരമായ ശ്രമം നടത്തി, 42 വയസ്സുള്ള യാത്രക്കാരന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു, എന്നാല്‍ എല്ലാ ശ്രമങ്ങളും വിഫലമായി, യാത്രക്കാരന്‍ വിമാനത്തില്‍ വച്ച്‌ മരിച്ചതായി ഡോക്ടര്‍ പ്രഖ്യാപിച്ചു,” എയര്‍ ഇന്ത്യ പറഞ്ഞു.

വിമാനം വന്നിറങ്ങിയ ശേഷം എം.ഐ.എ.എല്‍ ഡോക്ടര്‍മാര്‍ യാത്രക്കാരന്റെ മൃതദേഹം പരിശോദിച്ചു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷം മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരം ആശുപത്രിയിലേക്ക് അയച്ചു. മരണപ്പെട്ടയാളുടെ ബന്ധുക്കളെ അറിയിക്കുകയും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുകച്ച്‌ രോഗാണുക്കളെ നശിപ്പിക്കുന്നതിനായി വിമാനം അയക്കുകയും ചെയ്തു.