ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), ഉഗാണ്ട എന്നീ രാജ്യങ്ങളിൽ എബോള രോഗബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ (IHR-2005) അനുസരിച്ച് ‘അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’ (PHEIC) പ്രഖ്യാപിച്ചു. നിലവിൽ ഇന്ത്യയിൽ ഈ എബോള വകഭേദം ബാധിച്ച ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്തും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിച്ചും ഇന്ത്യൻ സർക്കാർ തങ്ങളുടെ പൗരന്മാർക്കായി യാത്രാ വിലക്ക് പുറപ്പെടുവിച്ചു.

2026 മെയ് 17-നാണ് ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കോംഗോയെയും ഉഗാണ്ടയെയും ബാധിച്ചിരിക്കുന്ന എബോള വൈറസിന്റെ ‘ബുന്ദിബുഗ്യോ’ വകഭേദത്തിന്റെ വ്യാപനം ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ‘ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ’ ഇതിനെ ഭൂഖണ്ഡാന്തര ആരോഗ്യ അടിയന്തരാവസ്ഥയായും (PHECS) പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതേത്തുടർന്ന് മെയ് 22-ന് ചേർന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി, രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ പനി ലക്ഷണങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താനും പരിശോധിക്കാനും അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാൻ താൽക്കാലിക നിർദ്ദേശം നൽകി. കൂടാതെ, ഈ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കോംഗോയുടെയും ഉഗാണ്ടയുടെയും അതിർത്തി പങ്കിടുന്ന ദക്ഷിണ സുഡാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രോഗവ്യാപനത്തിന്റെ ഉയർന്ന ഭീഷണിയിലാണ്.