വീണ്ടും ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) മേധാവിയാകാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് അപേക്ഷ സമര്‍പ്പിച്ചു. അക്കാദമി തലവനായുള്ള ദ്രാവിഡിന്റെ രണ്ടു വര്‍ഷത്തെ കാരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് ബിസിസിഐ പുതിയ അപേക്ഷകള്‍ ക്ഷണിച്ചത്. ഇതോടെ നവംബറില്‍ ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഒഴിയുമ്ബോള്‍ ദ്രാവിഡ് വരും എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.

“അതെ, ക്രിക്കറ്റ് മേധാവി സ്ഥാനത്തേക്ക് രാഹുല്‍ വീണ്ടും അപേക്ഷിച്ചു. എന്‍‌സി‌എയുടെ മുഖച്ഛായ മാറ്റാന്‍ അദ്ദേഹം നടത്തിയ മഹത്തായ പ്രവര്‍ത്തനത്തിന് ശേഷം അദ്ദേഹം തുടരാന്‍ പോകുന്നുവെന്ന് ഊഹിക്കാന്‍ നിങ്ങള്‍ വലിയ പ്രതിഭയൊന്നും ആവണമെന്നില്ല, അത് ശരിക്കും ഇപ്പോള്‍ മികവിന്റെ കേന്ദ്രമാണ്.” മുതിര്‍ന്ന ബിസിസിഐ വ്യക്താവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

“വാസ്തവത്തില്‍, ഇപ്പോള്‍, രാഹുല്‍ അല്ലാതെ ആ തസ്തികയിലേക്ക് അപേക്ഷിച്ച മറ്റ് പ്രമുഖരൊന്നുമില്ല.” അദ്ദേഹം വ്യക്തമാക്കി.

താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും അപേക്ഷിക്കാന്‍ മതിയായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കുറച്ച്‌ ദിവസങ്ങള്‍ കൂടി നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

“അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 15 ല്‍ നിന്നും കുറച്ച്‌ ദിവസങ്ങള്‍ കൂടി നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചു. രാഹുല്‍ മത്സരരംഗത്തുണ്ടാകുമ്ബോള്‍, തസ്തികയിലേക്ക് അപേക്ഷിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് ഒരുഔപചാരികതയാണ്, പക്ഷേ ന്യായമായിരിക്കണം, ആര്‍ക്കെങ്കിലും അപേക്ഷ സമര്‍പ്പിക്കണം എന്നുണ്ടെങ്കില്‍ കുറച്ച്‌ ദിവസങ്ങള്‍ കൂടി ഉണ്ട്,” ബിസിസിഐ വ്യക്താവ് പറഞ്ഞു.

ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം മുഴുവന്‍ സമയം ഇന്ത്യന്‍ ടീം പരിശീലകനാകുന്നതിലെ ആശങ്ക ദ്രാവിഡ് പ്രകടിപ്പിച്ചിരുന്നു.

വീണ്ടും അപേക്ഷ സമര്‍പ്പിച്ചതിലൂടെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്ക് ശക്തരായ താരങ്ങളെ സംഭാവന ചെയ്യാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത് എന്ന് വീണ്ടും വ്യക്തമാവുകയാണ്.