ഐപിഎൽ പതിമൂന്നാം സീസണിലെ മൂന്നാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ജയം. 10 റൺസിനാണ് ആർസിബി സൺറൈസേഴ്സിനെ പരാജയപ്പെടുത്തിയത്. ബാംഗ്ലൂർ മുന്നോട്ടുവച്ച 164 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് 19.4 ഓവറിൽ 153 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തിൽ ബാക്ക്ഫൂട്ടിൽ നിന്നിരുന്ന റോയൽ ചലഞ്ചേഴ്സ് അവസാന ഘട്ടത്തിൽ തുടർച്ചയായി വിക്കറ്റ് വീഴ്ത്തിയാണ് വിജയിച്ചത്. 61 റൺസെടുത്ത ജോണി ബെയർസ്റ്റോ ആണ് സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. നവദീപ് സെയ്നി, ശിവം ദുബേ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

 

സൺറൈസേഴ്സിൻ്റെ തുടക്കം തന്നെ തിരിച്ചടിയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഡേവിഡ് വാർണറെ സൺറൈസേഴ്സിനു നഷ്ടമായി. 6 റൺസെടുത്ത വാർണർ നിർഭാഗ്യകരമായി റണ്ണൗട്ടായിരുന്നു. രണ്ടാം വിക്കറ്റിൽ മനീഷ് പാണ്ഡെയും ജോണി ബെയർസ്റ്റോയും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തി. 71 റൺസിൻ്റെ ഈ കൂട്ടുകെട്ട് യുസ്‌വേന്ദ്ര ചഹാൽ ആണ് പൊളിച്ചത്. മനീഷ് പാണ്ഡെയെ (34) ചഹാലിൻ്റെ പന്തിൽ നവദീപ് സെയ്നി പിടികൂടി.

ഒരുവശത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്ത ബെയർസ്റ്റോ ഇതിനിടെ 37 പന്തുകളിൽ അർധസെഞ്ചുറി തികച്ചു. 16ആം ഓവറിലെ തുടർച്ചയായ പന്തുകളിൽ ബെയർസ്റ്റോയെയും വിജയ് ശങ്കറെയും പുറത്താക്കിയ ചഹാൽ ആണ് ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 43 പന്തുകളിൽ 6 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 61 റൺസെടുത്തിട്ടാണ് ബെയർസ്റ്റോ മടങ്ങിയത്. പ്രിയം ഗാർഗ് (12) ശിവം ദുബെയുടെ പന്തിൽ പ്ലെയ്ഡ് ഓണായി. രണ്ടാം റണ്ണിനോടിയ അഭിഷേക് ശർമ്മ (7) മറുവശത്ത് ബാറ്റ് ചെയ്യുന്ന റാഷിദ് ഖാനുമായി കൂട്ടിയിടിച്ച് വീണ് റണ്ണൗട്ടായി. 18ആം ഓവറിലെ നാലാം പന്തിൽ ഭുവനേശ്വർ കുമാർ (0) സെയ്നിയ്ക്ക് മുന്നിൽ ക്ലീൻ ബൗൾഡായി. ഓവറിലെ അവസാന പന്തിൽ റാഷിദ് ഖാൻ്റെ (6) കുറ്റിയും സെയ്നി പിഴുതു.

 

പന്തെറിയുന്നതിനിടെ പരുക്കേറ്റ് മടങ്ങിയ മിച്ചൽ മാർഷാണ് പിന്നീട് ഇറങ്ങിയത്. മുടന്തിക്കൊണ്ട് ആദ്യ പന്ത് തന്നെ ഉയർത്തിയടിച്ച മാർഷ് (0) കോലിയുടെ കൈകളിൽ അവസാനിച്ചു. ശിവം ദുബേയ്ക്കായിരുന്നു വിക്കറ്റ്. സ്റ്റെയിൻ അവസാന ഓവറിലെ നാലാം പന്തിൽ സന്ദീപ് ശർമ്മയെ (9) വിരാട് കോലി കൈപ്പിടിയിലൊതുക്കിയതോടെ ബാംഗ്ലൂരിനു ജയം.