കൊല്‍ക്കത്തയില്‍ ജനിച്ച സൗരവ് ഗാംഗുലി എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ ആദ്യ പ്രാണയം ഫുട്‍ബോള്‍ ആയിരുന്നു. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മുഹമ്മദന്‍സും അടക്കമുള്ള ഏഷ്യയിലെ തന്നെ പഴക്കമുള്ള ക്ലബ്ബുകള്‍ കണ്ടുവളര്‍ന്ന ഒരു കൊല്‍ക്കത്തക്കാരന് അങ്ങനെ തോന്നുന്നത് സ്വാഭാവികമാണ്. ലോകത്തിലെ ഏറ്റവും പ്രമുഖനായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായി വളര്‍ന്നപ്പോഴും ഗാംഗുലി തന്റെ പ്രണയം ഉപേക്ഷിച്ചില്ല.

കഴിഞ്ഞ ദിവസം നടന്ന കോപ്പാ അമേരിക്കയുടെ ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിച്ചത് ഫുട്‍ബോള്‍ ഇതിഹാരം മറഡോണയെ സ്മരിച്ചുകൊണ്ടുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലായിരുന്നു. കാല്‍പന്തുകളി കണ്ട എക്കാലത്തെയും മഹാനായ ഒരു താരത്തെ ഇത്തരത്തില്‍ സ്മരിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ദാദ.

 

 

“ഇങ്ങനെയാണ് ഒരു ഇതിഹാസത്തെ സ്മരിക്കേണ്ടത്. എന്റെ സൂപ്പര്‍ സ്റ്റാര്‍. വെല്‍ ഡണ്‍ കോപ്പാ അമേരിക്ക.” തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അദ്ധ്യക്ഷന്‍ കൂടിയായ ഗാംഗുലി പറഞ്ഞു. ഇതിന് തൊട്ടുമുന്‍പുള്ള പോസ്റ്റില്‍ യൂറോ കപ്പ് മത്സരത്തിനിടയില്‍ മൈതാനത്ത് തളര്‍ന്നുവീണ ഡാനിഷ് ഫുട്‍ബോളര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും ഗാംഗുലി ആശംസിച്ചിരുന്നു.

അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടിയ കോപ്പാ അമേരിക്കയുടെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായാണ് പരിപാടി നടന്നത്. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‍ബോളിനെ തന്നെ യശ്ശസിലേക്ക് ഉയര്‍ത്തിയ ഇതിഹാസമാണ് മറഡോണ. അര്‍ജന്റീനയുടെ നമ്ബര്‍ 10 ജേഴ്സിയണിഞ്ഞ താരത്തെ സ്മരിക്കുന്ന വീഡിയോയില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയേയും ഉള്‍പ്പെടുത്താന്‍ കോപ്പ അമേരിക്ക മറന്നില്ല.