എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന, ആരെയും ഉപദ്രവിക്കാന്‍ പോയിട്ടില്ലാത്ത തന്റെ ഭര്‍ത്താവിനോട് എന്തിന് ഇങ്ങനെ ചെയ്തു എന്ന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ മരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഹഖ് മുഹമ്മദിന്റെ ഭാര്യ. തന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന് ഇപ്പൊ ആരുമില്ലാതാക്കിയില്ലേ എല്ലാരും എന്നും ഹഖ് മുഹമ്മദിന്റെ ഭാര്യ കൈരളി ന്യാസിനോട് പ്രതികരിച്ചു.
“എന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന് ഇപ്പൊ ആരുമില്ലാതാക്കിയില്ലേ എല്ലാരും. എന്തിന് ഇങ്ങനെ ചെയ്തു എന്റെ ഇക്കാനോട്? ആരെയും ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഒന്നും പോവില്ല. എല്ലാരോടും സ്നേഹവും കാര്യവുമായിട്ട് നിക്കുന്ന ആളാണ്. എല്ലാവരോട് വലിയ കാര്യമാണ്. പക്ഷേ എന്തിന് ഇങ്ങനെ ചെയ്തു എന്ന് അറിഞ്ഞൂടാ,” ഹക്ക് മുഹമ്മദിന്റെ ഭാര്യ പറഞ്ഞു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ നാല് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അജിത്, ഷജിത്, സതി, നജീബ് എന്നിവരാണ് റിമാന്‍ഡിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളെ രക്ഷപ്പെടുത്താനും വാഹനമേര്‍പ്പെടുത്താനുമടക്കം സഹായിച്ചവരാണ് ഇവര്‍. നെടുമങ്ങാട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഓണലൈനായാണ് പ്രതികളെ ഹാജരാക്കിയത്.
റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അനുസരിച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉടലെടുത്ത വിരോധവും കടത്ത മുന്‍ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസില്‍ വെച്ചാണ് കൊലപാതകത്തിനുള്ള ഗുഢാലോചന നടന്നത് എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



