ന്യൂഡല്‍ഹി: മക്കളെകൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചെന്ന കേസില്‍ രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
രഹ്‌നയുടെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനെ കോടതി ചോദ്യം ചെയ്‌തു. ‘എന്തുതരം കേസാണ് ഞങ്ങള്‍ക്കു മുന്‍പില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് അറിയുമോ ?’ എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര രഹ്‌നയുടെ അഭിഭാഷകനോട് ചോദിച്ചു. പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് രഹ്‌നയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ താല്‍പര്യമില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. വിഷയത്തില്‍ തനിക്കുള്ള അതൃപ്‌തിയും അരുണ്‍ മിശ്ര പ്രകടിപ്പിച്ചു.
കുട്ടികളെ ഇത്തരം കാര്യങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കുന്നെന്ന് കോടതി ചോദിച്ചു. ഏത് തരം സംസ്‌കാരമാണ് കുട്ടികള്‍ ഇതില്‍ നിന്നു പഠിക്കുന്നതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ലെെംഗികതയെ കുറിച്ച് കൃത്യമായ അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് രഹ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
രഹ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹെെക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് രഹ്‌ന സുപ്രീം കോടതിയെ സമീപിച്ചത്. കുട്ടികള്‍ ദേഹത്ത് ചിത്രങ്ങള്‍ വരച്ചപ്പോഴുള്ള പ്രതിയുടെ പ്രതികരണം പ്രധാനമാണെന്നും ഇത് അന്വേഷണ ഉദ്യോസ്ഥന്‍ പരിശോധിക്കണമെന്നും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹെെക്കോടതി ഉത്തരവില്‍ പറയുന്നു.
മക്കള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ മാതാവിന് അവകാശമുണ്ടെന്നും നിയമം വിലക്കുന്നില്ലെങ്കില്‍ അത് വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ആവുന്നതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി എല്ലാ കുട്ടികള്‍ക്കും ലൈംഗിക ബോധവത്‌കരണത്തിനു വേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന വാദത്തോട് യോജിക്കാനാവില്ലെന്നും ഹെെക്കോടതി വ്യക്തമാക്കിയിരുന്നു.
പൊലീസ് സൈബര്‍ഡോമില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കൊച്ചി സൗത്ത് പൊലീസാണ് രഹ്നയ്ക്കെതിരെ കേസെടുത്തത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. തിരുവല്ല ബാറിലെ അഭിഭാഷകന്‍ എ.വി.അരുണ്‍ പ്രകാശിന്റെ പരാതിയില്‍ തിരുവല്ല പൊലീസും രഹ്നയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെ തന്റെ നഗ്നശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്ന വീഡിയോ രഹ്ന സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണമെന്നും അതു വീട്ടില്‍നിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂവെന്നും രഹ്ന വീഡിയോയ്ക്കൊപ്പമുളള കുറിപ്പില്‍ പറഞ്ഞിരുന്നു.
സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍ അവര്‍ ഒളിച്ചിരുന്ന് കാണാന്‍ ശ്രമിക്കുന്നത് തുറന്നുകാട്ടുകയെന്നത് രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പറയാന്‍പോലും സാധിക്കാത്തവിധം സ്തീകളുടെ നാവിന് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയിരിക്കുന്ന സമൂഹത്തില്‍ ഇത്തരം ധീരമായ പ്രവൃത്തികള്‍ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണെന്നും കുറിപ്പില്‍ പറയുന്നു.



