രാവേറെയായ് ശോകം പാടിയ
പൂങ്കുയിൽ പോലുമുറക്കമായി..
നിദ്രയകന്നൊരീ ഞാൻമാത്രമിപ്പോഴും
ഒറ്റയ്ക്കിരിക്കുന്നീ തീരാത്ത നോവിൻ
കനൽക്കൂനയിൽ..

വിരഹത്താൽ മുറുകുമെൻ ഹൃദയത്തിൻ
തന്ത്രികൾ ശ്രുതിയൊന്നു മീട്ടുവാൻ
നിൻവിരൽ തുമ്പു കൊതിച്ചിടുന്നു..
ആ മൗനരാഗമെൻ സാന്ത്വനമാകാൻ
മോഹിച്ചിടുന്നു..

തോരാത്ത തുലാമാസ രാത്രികൾ പോലെ
ഓർമ്മകളെന്നിൽ പെയ്തിറങ്ങുന്നു
ഒപ്പം നടന്നു നാം കണ്ട കിനാവുകൾ
മയൂരങ്ങളായെന്നിൽ പീലിനീർത്തുമ്പോൾ
പെയ്യാതിരിക്കുവാനാവില്ലെൻ മിഴികൾക്ക്

നീചൊന്ന വാക്കുകളോരോന്നും ഞാനെന്റ
മനച്ചെപ്പിൽ സൂക്ഷിച്ചു മയിൽപീലിതുണ്ടു പോൽ
ഒരു മാത്രപോലും പിരിയില്ലെന്നോതി നീ
ഒരുവർഷമേഘമായ് എന്നെപ്പൊതിഞ്ഞു, എന്നിട്ടും
ഒരുവാക്കു പോലും മിണ്ടാതെ പോയി നീ

നീളുന്നു മിഴികളാ പടിപ്പുരക്കപ്പുറം അകലേക്ക്-
നിന്നെ തിരയുന്നു മോഹങ്ങൾ..
വരുമെന്നൊരു വാക്കുചൊല്ലിയില്ലെങ്കിലും
ഒരു വിളിക്കായി ഞാൻ കാതോർത്തിരിപ്പൂ
കേൾക്കുന്നു മൗനമാം നിന്റെ സ്നേഹ ഗീതം..

ഏകാകിനിയാക്കി പോകുവാനായിരുന്നെങ്കിൽ
എന്തിനു നീ എന്നിൽ പെയ്തിറങ്ങി..
പിരിയുവാനായിരുന്നെങ്കിൽ നിൻ പ്രണയം
എന്തിനെൻ ഹൃദയത്തിൽ ചേർത്തുവച്ചു
എന്തിനായ് നീഎന്നിലലിഞ്ഞു ചേർന്നു.

അറിയുവാനാകുമോ നീ തന്ന മുറിവിന്റെ
ആഴം, അതിൽ നിന്നൊഴുകും നിണം-
കൊണ്ട് നീ തീർത്ത വിരഹത്തിൻ നോവ്
ആത്മാവ് നഷ്ടമായ് തേങ്ങും രാക്കിളി ഞാൻ
അഴലിന്റെ തീരത്തിലൊറ്റയായ് പോയവൾ

എന്തിനായ് മായാതെ നിൻ ചിത്രമെൻ
മനസ്സിന്റെ ഉള്ളിൽ വരച്ചുവച്ചു..
വിരഹാർദ്രയാമെന്റെ അഴലിന്റെ ആഴം
അറിയുന്നീ രാവുപോലും..
ശോകമായ് പാടുന്നു രാപ്പാടി മെല്ലെ..