മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും. കണ്ണൂർ കാസർകോട് ക്രൈംബ്രാഞ്ച് എസ്പി മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ കാസർഗോഡ് യൂണിറ്റിലെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

കാസർഗോഡ് ഡിവൈഎസ്പി പികെ സുധാകരൻ, സിഐമാരായ അബ്ദുൾ റഹിം, മാത്യു എന്നിവരുടെ സംഘമാണ് എംഎൽഎയ്‌ക്കെതിരായ നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷിക്കുക. പരാതികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. എംസി കമറുദ്ദീനെതിരെ ചന്തേര പൊലീസിൽ മാത്രം ഇതുവരെയായി 34 പരാതികളിലായി മൂന്ന് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 12 കേസുകൾ പ്രാഥമിക അന്വേഷണം നടത്തി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ഒറ്റ കേസായിട്ടാകും ഇനി അന്വേഷണം നടക്കുക.

അതേസമയം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന് ശേഷവും പരാതികൾ ഉയരുന്നത് എംസി കമറുദ്ദീനും ലീഗ് നേതൃത്വത്തിനും തലവേദനയാവുകയാണ്.