ദുബൈ: വെള്ളിയാഴ്ച രാത്രി കോഴിക്കോട് തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതാണ് മലപ്പുറം വളാഞ്ചേരി വലിയവളപ്പില്‍ അബൂബക്കര്‍. ഒരാഴ്ച മുന്‍പേ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. യാത്രക്ക് തൊട്ടുമുന്‍പാണ് ഉമ്മ മറിയം പറയുന്നത് നാളെ ഒരുമിച്ച് പോകാമെന്ന്. ഉമ്മയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും പതിവില്ലാത്ത വാശിയിലായിരുന്ന അവര്‍. അവസാന നിമിഷം ടിക്കറ്റിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍, ഉമ്മക്കുവേണ്ടി യാത്ര മാറ്റിവെച്ച അബൂബക്കര്‍ ജീവന് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ്.ഇന്ന് വൈകുന്നേരം എട്ടിന് പുറപ്പെടുന്ന വന്ദേഭാരത് വിമാനത്തില്‍ ഉമ്മയെയും കൂട്ടി നാട്ടിലേക്ക് തിരിക്കാന്‍ ടിക്കറ്റെടുത്തിരിക്കുകയാണ് അബൂബക്കര്‍.
എംബസിയില്‍ നിന്ന് പുറത്തുവിട്ട യാത്രക്കാരുടെ പട്ടികയില്‍ അബൂബക്കറിെന്റ പേരും ഉണ്ടായിരുന്നു. കോവിഡ് പോസിറ്റീവായതിനാല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല എന്നാണ് ലിസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, താന്‍ വിമാനത്താവളത്തില്‍ പോയിട്ടില്ലെന്നും എന്തുകൊണ്ടാണ് പട്ടികയില്‍ പോസിറ്റീവ് എന്ന് വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടികയിലെ പേര് കണ്ട് നിരവധി പേര് വിളിച്ചുവെന്നും അബൂബക്കര്‍ പറഞ്ഞു. യാത്ര റദ്ധാക്കിയതോടെ ടിക്കറ്റിനായി മുടക്കിയ തുക പോയതിലുള്ള വിഷമവും ഇപ്പോള്‍ അബൂബക്കറിനില്ല.
പിതാവ് മുഹമ്മദ് കുട്ടി ഹാജിയും മാതാവ് മറിയവും ഭാര്യയും മക്കളുമടങ്ങിയ കുടുംബ സമേതമാണ് അബൂബക്കര്‍ ദുബൈയില്‍ താമസിക്കുന്നത്. ‘എന്നോടൊപ്പം വരാന്‍ സാധാരണ ഉമ്മ വാശി പിടിക്കാറില്ല. എന്നാല്‍, എന്തുകൊണ്ടോ ഇത്തവണ വല്ലാത്ത വാശിയിലായിരുന്നു ഉമ്മ’-അബൂബക്കര്‍ നെടുവീര്‍പ്പിടുന്നു. ദുബൈയില്‍ ബിസിനസ് നടത്തുന്ന അബൂബക്കര്‍ ഇന്ന് രാത്രി ഉമ്മയോടൊപ്പം നാട്ടിലേക്ക് തിരിക്കും.



