കൊല്ലം: ഉത്ര വധക്കേസിലെ അന്തിമവാദം കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ആരംഭിക്കും. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജിന്റെ വാദമാണ് കേള്‍ക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പ്രതിഭാഗം സാക്ഷിവിസ്താരം പൂര്‍ത്തിയായിരുന്നു.

പ്രോസിക്യൂഷന്‍ 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലും ഹാജരാക്കിയിട്ടുണ്ട്. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും മൂന്ന് സി.ഡികള്‍ തൊണ്ടിമുതലായി ഹാജരാക്കുകയും ചെയ്തു.

ഡിജിറ്റല്‍ തെളിവുകള്‍ നേരിട്ടു പരിശോധിക്കേണ്ടതിനാല്‍ തുറന്ന കോടതിയില്‍ കൊവിഡ് മാനദണ്ഡം പാലിച്ചാണ് വാദം കേള്‍ക്കുന്നത്. മുഖ്യപ്രതി സൂരജിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണ നടത്തുന്നത്.

ഉത്രയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. രാഗേഷ്, പാമ്ബുപിടിത്തക്കാരനായ വാവ സുരേഷ്, തിരുവനന്തപുരത്തെ കെമിക്കല്‍ അനാലിസിസ് ലാബിലെ അസി. കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. യുറേക്ക എന്നിവരെ പ്രതിഭാഗത്തിന്റെ ആവശ്യമനുസരിച്ച്‌ വീണ്ടും വിസ്തരിച്ചിരുന്നു.