ഉത്തർപ്രദേശിൽ ഇരുപതുകാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്‌റാസിലാണ് നാല് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. നിലവിൽ ഹത്‌റാസിലെ സർക്കാർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവതി.

സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകൾ ഉണ്ടെന്നും പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടർ സ്ഥിരീകരിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഡൽഹിയിലേക്ക് മാറ്റും.

 

എന്നാൽ കേസിൽ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. വിവരം അറിയിച്ചിട്ടും ഇടപെടാൻ വൈകിയെന്നാണ് കുടുംബത്തിന്റെ പരാതി. ആരോപണം പൊലീസ് നിഷേധിച്ചു. പ്രതികളിൽ നാല് പേരെ ഇതിനകം അറസ്റ്റ് ചെയ്തതായി യുപി പൊലീസ് വ്യക്തമാക്കി.

കൃഷിയിടത്തിൽ പുല്ലുപറിക്കാൻ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വീട്ടുകാർ ചുറ്റുമില്ലാതിരുന്ന സമയത്ത് ധരിച്ചിരുന്ന ചുരിദാറിന്റെ ഷോൾ കുരുക്കി വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരൻ ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. പിന്നീട് അമ്മ ബോധരഹിതയായ രീതിയിൽ മകളെ കണ്ടെത്തുകയായിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഉന്നതജാതിക്കാരായ ചിലരാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സന്ദീപ് എന്ന് പേരുള്ള ആള്‍ക്ക് നേരെയാണ് കുടുംബം വിരല്‍ ചൂണ്ടുന്നത്. ഇയാള്‍ പരിസരത്ത് താമസിക്കുന്ന ദളിത് വിഭാഗക്കാരെ ഉപദ്രവിക്കുന്നത് പതിവാക്കിയ ആളാണെന്നും ആരോപണം.