ഉത്തര്‍പ്രദേശില്‍ 94കാരന് കോവിഡ് രോഗം ഭേദമായി. യുപിയിലെ ഗൗതംബുദ്ധ നഗറിലാണ് 94കാരന്‍ രോഗമുക്തി നേടിയത്. ഇന്നലെ ജില്ലയില്‍ രോഗമുക്തി നേടിയ 57 പേരില്‍ ഒരാള്‍ ഈ വയോധികനാണ്. ജില്ലാ മജിസ്‌ട്രേറ്റാണ് ഇദ്ദേഹത്തിന്റെ കാര്യം ട്വീറ്റ് ചെയ്തത്. സര്‍, താങ്കള്‍ ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നു, കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യാന്‍. ജില്ലാ മജിസ്‌ട്രേറ്റ് സുഹാസ് ലളിനകരെ യതിരാജ് ട്വീറ്റ് ചെയ്തു. ആരോഗ്യത്തോടെ ദീര്‍ഘായുസ്സുണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ശാരദ ഹോസ്പിറ്റല്‍ എന്ന സ്വകാര്യ ആശുപത്രിയിലാണ് 94കാരനെ പ്രവേശിപ്പിച്ചിരുന്നത്. ശാരദ ഹോസ്പിറ്റലില്‍ നിന്ന് 10 പേരെ ഇന്നലെ കോവിഡ് ഭേദമായി ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു.

ഡല്‍ഹിയോട് ചേര്‍ന്ന ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ രോഗമുക്തി നിരക്ക് നിലവില്‍ 65 ശതമാനമാണ്. ഞായറാഴ്ച വൈകുന്നേരം വരെ 632 പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 195 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇതുവരെ എട്ട് പേര്‍ മരിച്ചു. യുപിയില്‍ 10536 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 275 പേര്‍ മരിച്ചു. 6185 പേര്‍ക്ക് രോഗം ഭേദമായി. 4076 പേര്‍ ചികിത്സയില്‍ തുടരുന്നു.