ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ദിവസങ്ങളായി തുടരുന്ന മഴയില്‍ വന്‍ നാശനഷ്ടങ്ങള്‍. കനത്ത മഴയില്‍ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂണ്‍-റിഷികേശ് പാലം തകര്‍ന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ നദിയില്‍ ഒലിച്ചുപോയി. ജഖാന്‍ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂണ്‍-റിഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കനത്ത മഴ തുടരുന്നതിനാല്‍ നദിയൊഴുകുന്നത് പാലത്തിന് മുകളിലൂടെയാണ്. പാലം രണ്ടായതോടെ ഋഷികേശ്-ദേവപ്രയാഗ്, ഋഷികേശ്-തെഹ്‌റി, ഡെറാഡൂണ്‍-മസ്സൂറി തുടങ്ങിയ പ്രധാന പാതകള്‍ അടച്ചു. വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാല്‍ദേവത-സഹസ്രധാര ലിങ്ക് റോഡ് പൂര്‍ണമായും നദിയില്‍ മുങ്ങി.

തപോവന്‍ മുതല്‍ മലേത വരെയുള്ള ദേശീയപാതയും അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അടച്ചു. മഴ ശാന്തമാകുന്നത് വരെ പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്നും അപകട മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും ഉത്തരാഖണ്ഡ് പോലീസിന്റെ നിര്‍ദേശമുണ്ട്. പ്രദേശത്ത് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാദൗത്യവും പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 29 വരെ ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കഴിഞ്ഞ ദിവസം പൗരി ജില്ലയില്‍ മലയിടുക്കിലേക്ക് കാര്‍ വീണ് രണ്ട് ഡല്‍ഹി സ്വദേശികള്‍ മരിച്ചിരുന്നു. ലാന്‍സ്ഡൗണിനും ജയ്ഹരിഖാലിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ആഴത്തിലുള്ള മലയിടുക്കിലേക്കാണ് കാര്‍ പതിച്ചത്. സംഭവത്തില്‍ ഒരാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.