തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ രൂക്ഷമായി കടന്നാക്രമിച്ച്‌ ആറന്മുള എംഎല്‍എ വീണ ജോര്‍ജ്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുളള തീരുമാനം പ്രതിപക്ഷം കാണിച്ച രാഷ്ട്രീയ അബദ്ധമാണെന്ന് വീണ ജോര്‍ജ് എംഎല്‍എ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു. വിഡി സതീശന്‍ ഇതിന് മുന്‍പ് അവതരിപ്പിച്ചിട്ടുളള അടിയന്തര പ്രമേയങ്ങളേക്കാള്‍ ദുര്‍ബലമായ അവിശ്വാസ പ്രമേയം ആണിതെന്നും വീണ ജോര്‍ജ് പറഞ്ഞു.

എന്താണ് പറയുന്നത് എന്ന് പ്രതിപക്ഷത്തിന് തന്നെ ബോധ്യപ്പെടുത്താനാകാത്ത അവസ്ഥയാണ്. സര്‍ക്കാരിനെതിരെ കൃത്യമായ ഒരു ആരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. പ്രതിപക്ഷം ആദ്യം അവിശ്വാസം അവതരിപ്പിക്കേണ്ടത് പ്രതിപക്ഷ നേതാവിന് എതിരെയാണ്. ഓരോ വിഷയത്തിലും എത്ര ദുര്‍ബലമായ വാദങ്ങള്‍ ആണ് പ്രതിപക്ഷ നേതാവ് കോടതിയില്‍ പോയി പറയുന്നത് എന്നും വീണ ജോര്‍ജ് ചൂണ്ടിക്കാട്ടി.

അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കാന്‍ ഇടത് പക്ഷത്തെ കിട്ടില്ല. പഴയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് പോലെയാണ് ഈ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. സര്‍ക്കാരിനെതിരെ കൊവിഡ് കാലത്ത് എല്ലാ തന്ത്രങ്ങളിലൂടെയും നുണ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത് എന്നും വീണ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മുല്ലപ്പളളി രാമചന്ദ്രന്‍ കെകെ ശൈലജയെ പരിഹസിച്ചത് കേരളം മറക്കില്ലെന്ന് വീണ ജോര്‍ജ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് ലീഗുമായും യുഡിഎഫുമായും ബന്ധം ഉണ്ടെന്ന് വീണ ജോര്‍ജ് പറഞ്ഞു. മുസ്ലീം ലീഗിന്റെ എത്ര പ്രവര്‍ത്തകരാണ് കേസില്‍ അറസ്റ്റിലായത് എന്നും അതിന് കെഎം ഷാജിക്ക് മറുപടി ഉണ്ടോ എന്നും എംഎല്‍എ ചോദിച്ചു. പ്രതികളായ റമീസും മുഹമ്മദ് ഷാഫിയുമെല്ലാം ലീഗ് ബന്ധമുളളവരാണ്. ഒരാള്‍ ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ ബന്ധുമാണെന്നും വീണ ജോര്‍ജ് ചൂണ്ടിക്കാട്ടി.

അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷം സാധാരണക്കാരന്റെ കഞ്ഞിയില്‍ പാറ്റയിടരുത്. പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളിലെല്ലാം ആയിരക്കണക്കിന് വീടുകള്‍ ലൈഫ് മിഷന്‍ വഴി നിര്‍മ്മിച്ച്‌ കഴിഞ്ഞു. കൊവിഡിന് ശേഷമുളള ലോകത്തിന് കേരളം കാണിച്ച്‌ കൊടുക്കാന്‍ പോകുന്ന മാതൃകയാണ് സുഭിക്ഷ കേരളം. ഒരു മഴക്കാറ് കണ്ടാല്‍ കേരളത്തില്‍ പ്രളയം ഉണ്ടാകുമെന്നും ജനം സര്‍ക്കാരിന് എതിരെ തിരിയും എന്നുമാണ് പ്രതിപക്ഷം കരുതുന്നത്. ഈ കപ്പല്‍ ആടി ഉലയും എന്നത് നിങ്ങളുടെ സ്വപ്‌നം മാത്രമാണ്. അതിനൊരു കപ്പിത്താനുണ്ട്. നവകേരളത്തിന്റെ കപ്പിത്താനാണ് പിണറായി വിജയന്‍ എന്നും വീണ ജോര്‍ജ് എംഎല്‍എ പറഞ്ഞു.