സുശാന്തിന്റെ മരണത്തോട് കൂടി ബോളിവുഡിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ബൊളിവുഡിലെ സ്വജനപക്ഷപാതം കാരണം താരങ്ങളുടെ മക്കള്‍ക്ക് അവര്‍ അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ ലഭിക്കുന്നുവെന്നും സാധാരണക്കാര്‍ തഴയപ്പെടുകയാണെന്നും അഭിപ്രായങ്ങള്‍‌ ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ബോളിവുഡിലെ ഖാന്‍മാര്‍ക്കെതിരെ സംസാരിക്കുന്ന നീല്‍ നിതിന്‍ മുകേഷിന്റെ പഴയ വീഡിയോ വീണ്ടും ചര്‍ച്ചചെയ്യപ്പെടുന്നതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതും.

ഒരു പുരസ്കാര ചടങ്ങിനിടെ തന്നെ കളിയാക്കി സംസാരിച്ച ഷോയുടെ അവതാരകരായ ഷാരൂഖ് ഖാനോടും സെയ്ഫ് അലി ഖാനോടുമാണ് നീല്‍ വികാരഭരിതനായി സംസാരിക്കുന്ന ദൃശ്യങ്ങളാണത്. നീലിനോട് സര്‍ നെയിമിനെക്കുറിച്ചുള്ള ഖാന്മാരുടെ ചോദ്യമാണ് അദ്ദേഹത്തെ വിഷമത്തിലാഴ്ത്തിയത്.
തങ്ങളുടെ പേരിന്റെ രണ്ടാം പകുതിയില്‍ ‘ഖാന്‍’ ഉണ്ടെന്നും ‘നിതിന്‍ മുകേഷ്’ഒരു പേര് മാത്രമാണല്ലോ എന്ന് ഷാരൂഖും സെയ്ഫും ചോദിക്കുന്നു. ഇതിനു മറുപടിയായി നീല്‍ പറയുന്നത്
ആ ചോദ്യം തന്നെ അപമാനിക്കുന്നു എന്നും തന്റെ തൊട്ടടുത്ത് പിതാവ് ഇരിക്കുന്നത് കാണാനാകുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇവിടെ എത്തി നില്‍ക്കുവാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഈ അപമാനം താന്‍ അര്‍ഹിക്കുന്നില്ല എന്നും നീല്‍ വ്യക്തമാക്കിയിരുന്നു. ഗായകനായ നിതിന്‍ മുകേഷിന്റെ മകനാണ് നീല്‍.

ഈ സംഭവത്തിന് ശേഷമാണ് നീലിന് ബോളിവുഡില്‍ അവസരങ്ങള്‍ കുറഞ്ഞതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ബോളിവുഡില്‍ പരാജയപ്പെട്ടതോടെ തെന്നിന്ത്യന്‍ സിനിമകളിലേക്ക് അദ്ദേഹം വരുകയായിരുന്നു. വിജയ് നായകനായ ‘കത്തി’യിലും പ്രഭാസിന്റെ ‘സാഹോ’യിലും നീല്‍ വേഷമിട്ടിരുന്നു.

സുശാന്തിന്റെ മരണത്തിന് തൊട്ടുപിന്നാലെ ബോളിവുഡ് ഇനിയെങ്കിലും സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്ന് വ്യക്തമാക്കി നടന്‍ വിവേക് ഒബ്റോയി ട്വീറ്റ് ചെയ്തിരുന്നു. സല്‍മാന്‍ ഖാന്‍ കാരണം തന്റെ കരിയര്‍ തകര്‍ന്നുവെന്ന ആരോപണവുമായി വിവേക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രംഗത്ത് എത്തിയിരുന്നു.
ഐശ്വര്യയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് സല്‍മാന്‍ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി വിവേക് ആരോപിച്ചിരുന്നു.

സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിനെ വിമര്‍ശിച്ച്‌ നടി കങ്കണ രംഗത്ത് എത്തിയിരുന്നു. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം സുശാന്തിന് ലഭിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ മരണശേഷം ചില മാധ്യമ പ്രവര്‍ത്തകരെ സ്വാധീനിച്ചുകൊണ്ട് ബോളിവുഡിലെ ചില പ്രമുഖര്‍ സുശാന്തിനെ മാനസികരോഗിയും ലഹരിമരുന്നിന് അടിമയായും ചിത്രീകരിക്കുന്നു എന്ന ആരോപണമാണ് കങ്കണ മുന്നോട്ട് വെച്ചത്.

സുശാന്ത് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് സൂചിപ്പിച്ച്‌ സംവിധായകന്‍ ശേഖര്‍ കപൂര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നിര്‍മാതാവ് ഏക്താ കപൂര്‍ എന്നിവരുള്‍പ്പടെ എട്ട് പേര്‍ക്കെതിരേ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജയാണ് സെക്‌ഷന്‍ 306, 109, 504, 506 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.