ഇസ്രായേൽ-ഹിസ്ബുള്ള യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലെബനീസ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ദക്ഷിണ ലെബനനിലെ അൽ-തിരി ഗ്രാമത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ-അക്ബർ പത്രത്തിന്റെ റിപ്പോർട്ടർ അമൽ ഖലീലാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
യുഎസ്-ഇസ്രായേൽ സംയുക്ത ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാർച്ചിൽ ആരംഭിച്ച ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം റിപ്പോർട്ട് ചെയ്യുകയായിരുന്നു അമൽ. യാത്രാമധ്യേ താൻ സഞ്ചരിച്ചിരുന്ന കാറിന് സമീപം ഇസ്രായേൽ മിസൈൽ പതിച്ചതിനെത്തുടർന്നാണ് സഹപ്രവർത്തകയായ സൈനബ് ഫറജിനൊപ്പം ഇവർ അൽ-തിരിയിലെ ഒരു വീട്ടിൽ അഭയം തേടിയത്. എന്നാൽ തൊട്ടുപിന്നാലെ ഈ വീടിന് നേരെയും ഇസ്രായേൽ രണ്ടാമത്തെ വ്യോമാക്രമണം നടത്തുകയായിരുന്നു.
ആദ്യത്തെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ആക്രമണത്തിൽ വീട് തകരുകയും അമൽ ഖലീലും സഹപ്രവർത്തകയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനബിനെ ഉടൻ തന്നെ രക്ഷാപ്രവർത്തകർ പുറത്തെടുത്തെങ്കിലും അമലിന്റെ അടുത്തേക്ക് എത്തുന്നതിന് ഇസ്രായേൽ സൈന്യം തടസ്സമുണ്ടാക്കിയതായി മന്ത്രാലയം ആരോപിച്ചു. രക്ഷാപ്രവർത്തകർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ് നടത്തിയതിനെത്തുടർന്ന് ദൗത്യം താത്ക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.



