വത്തിക്കാൻ സിറ്റി: 1991 മുതൽ 2007 വരെ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റായും 1991 മുതൽ 2008 വരെ റോം രൂപതയുടെ , വികാരി ജനറലായും, ലാറ്ററൻ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റായും സേവനമനുഷ്ഠിച്ച കർദിനാൾ കാമില്ലോ റൂയിനി, ജൂൺ മാസം പതിനാറാം തീയതി, നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയെ സംബന്ധിച്ച കമ്മീഷന്റെ നേതൃസ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.
കർദിനാൾ കാമില്ലോ റൂയിനിയുടെ, ക്രൈസ്തവജീവിതത്തിനും സഭയ്ക്കുവേണ്ടിയുള്ള സമർപ്പിത സേവനത്തിനു, റോമൻ രൂപതയുടെ വികാരി ജനറൽ കർദിനാൾ ബാൽദസരെ റെയ്ന നന്ദി അറിയിച്ചു. 1991 മുതൽ 2008 വരെയുള്ള അദ്ദേഹത്തിന്റെ അജപാലന നേതൃത്വം റോമിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ക്രൈസ്തവരുടെ സാന്നിധ്യത്തെ മനസിലാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.
കത്തോലിക്കാ മൂല്യങ്ങളുടെ പാരമ്പര്യം മറച്ചുവെക്കാതെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം നിരന്തരം ഉയർത്തിക്കാട്ടിയ അദ്ദേഹത്തിന്റെ മുദ്രാവാക്യം “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്നതായിരുന്നു. കർദിനാൾ റൂയിനിയുടെ നിര്യാണം ഇറ്റാലിയൻ കത്തോലിക്കാ സഭയ്ക്കും ആഗോള കത്തോലിക്കാ സമൂഹത്തിനും ഒരു പ്രധാന നഷ്ടമാണ്.



