ഇറാനിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന സൈനിക നീക്കം അമേരിക്കയുടെ ആയുധശേഖരത്തെയും യുദ്ധശേഷിയെയും ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. ഫെബ്രുവരി അവസാനം ആരംഭിച്ച കടുത്ത പോരാട്ടത്തിൽ അത്യാധുനിക മിസൈലുകൾ വ്യാപകമായി ഉപയോഗിച്ചത് അമേരിക്കൻ ആയുധപ്പുരകളിൽ വലിയ കുറവുണ്ടാക്കിയതായി പെന്റഗൺ വിലയിരുത്തുന്നു.

ചൈന, റഷ്യ തുടങ്ങിയ വൻശക്തികളുമായുള്ള ഭാവിയിലെ സാധ്യമായ ഏറ്റുമുട്ടലുകൾക്കായി കരുതിവെച്ചിരുന്ന ആയുധങ്ങളാണ് ഇറാനിൽ പ്രയോഗിക്കേണ്ടി വന്നത്. ഇത് അമേരിക്കയുടെ ദീർഘകാല സൈനിക സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ചൈനയുമായുള്ള യുദ്ധം ലക്ഷ്യമിട്ട് നിർമ്മിച്ച 1,100 ജെഎഎസ്എസ്എം-ഇആർ (JASSM-ER) ക്രൂയിസ് മിസൈലുകൾ ഇതിനകം അമേരിക്ക ഉപയോഗിച്ചു കഴിഞ്ഞു. നിലവിൽ യുഎസ് ശേഖരത്തിൽ 1,500 എണ്ണം മാത്രമാണ് ശേഷിക്കുന്നതെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമെ, ആയിരത്തിലധികം ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും വിക്ഷേപിച്ചു.

ഒരു വർഷം അമേരിക്ക വാങ്ങുന്നതിനേക്കാൾ പത്തിരട്ടി അധികമാണിത്. ഒരു ടോമാഹോക്ക് മിസൈലിന് ഏകദേശം 3.6 ദശലക്ഷം ഡോളർ (34 കോടി രൂപ) ചെലവ് വരുന്നുണ്ട്. 4 ദശലക്ഷം ഡോളർ (37.6 കോടി രൂപ) വിലയുള്ള 1,200 പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളും ഉപയോഗിച്ചു. ഇത് 2025-ൽ അമേരിക്ക ഉൽപ്പാദിപ്പിച്ച ആകെ യൂണിറ്റുകളേക്കാൾ കൂടുതലാണ്.

വർദ്ധിച്ചുവരുന്ന ചെലവും സൈനിക സമ്മർദ്ദവും

യുദ്ധത്തിനായുള്ള സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമാണ്. അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, ഇതുവരെ ഏകദേശം 28 ബില്യൺ ഡോളർ (2.6 ലക്ഷം കോടി രൂപ) മുതൽ 35 ബില്യൺ ഡോളർ (3.30 ലക്ഷം കോടി രൂപ) വരെയാണ് ചെലവ്. അതായത് പ്രതിദിനം 9,424 കോടി രൂപയോളം അമേരിക്ക യുദ്ധത്തിനായി ചിലവഴിക്കുന്നു. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 5.6 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ പ്രയോഗിച്ചു.

38 ദിവസം നീണ്ടുനിന്ന സംഘർഷത്തിൽ 13,000-ത്തിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പെന്റഗൺ വ്യക്തമാക്കി. പല ലക്ഷ്യങ്ങളും തകർക്കാൻ ഒന്നിലധികം തവണ ആക്രമണം നടത്തേണ്ടി വന്നതിനാൽ യഥാർത്ഥ ആയുധ ഉപയോഗം ഇതിലും കൂടുതലാകാമെന്ന് വിശകലന വിദഗ്ധർ പറയുന്നു.

യുഎസ് നേവി സീൽ ടീം 6 നടത്തിയ ഒരു രക്ഷാദൗത്യത്തിനിടെ, സാങ്കേതികവിദ്യ ഇറാൻ്റെ കൈകളിൽ എത്താതിരിക്കാൻ രണ്ട് എംസി-130 കാർഗോ വിമാനങ്ങളും മൂന്ന് എംഎച്ച്-6 ഹെലികോപ്റ്ററുകളും അമേരിക്കയ്ക്ക് തന്നെ നശിപ്പിക്കേണ്ടി വന്നു. 2,591 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്.