അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ, ഇറാനിൽ വലിയ സാമ്പത്തിക പ്രഹരം ഏൽപ്പിച്ചതായി അവകാശപ്പെട്ട് അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട ഏകദേശം ഒരു ബില്യൺ ഡോളറിന്റെ ക്രിപ്‌റ്റോകറൻസി ഫണ്ടുകൾ അമേരിക്ക പിടിച്ചെടുത്തതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അവകാശപ്പെട്ടു. ഇറാന്റെ സാമ്പത്തിക ശക്തി ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ “ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി” കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചത്.

“ഏകദേശം ഒരു ബില്യൺ ഡോളറിന്റെ ഇറാനിയൻ ക്രിപ്‌റ്റോ ഫണ്ടുകൾ ഞങ്ങൾ പിടിച്ചെടുത്തു. അവരുടെ ഡിജിറ്റൽ വാലറ്റുകളുടെ നേരിട്ടുള്ള നിയന്ത്രണം ഞങ്ങൾ ഏറ്റെടുത്തു,” ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ ബെസന്റ് പറഞ്ഞു. സമീപ ആഴ്ചകളിലെ സൈനിക നടപടിയും സാമ്പത്തിക ഉപരോധങ്ങളും ഇറാനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ അഞ്ച് മുതൽ ആറ് ആഴ്ച വരെയുള്ള സൈനിക പ്രചാരണവും സാമ്പത്തിക സമ്മർദ്ദവും ഇറാനെ തളർത്തിയിട്ടുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം വഷളായതിനാൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പവും അതിവേഗം ഉയരുകയാണ്, ജനങ്ങൾക്ക് ഭക്ഷണ വൗച്ചറുകൾ പോലുള്ള പരിപാടികൾ നടപ്പിലാക്കാൻ സർക്കാരിനെ നിലവിലെ അവസ്ഥ നിർബന്ധിതരാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.