ഇന്ധനവില കുത്തനെ കൂട്ടിയതിനെത്തുടർന്ന് രാജ്യത്തുണ്ടായ ജനരോഷം തണുപ്പിക്കാൻ പാകിസ്താനിൽ സൗജന്യ പൊതുഗതാഗതം പ്രഖ്യാപിച്ചു. പഞ്ചാബ് പ്രവിശ്യയിലും തലസ്ഥാനമായ ഇസ്‌ലാമാബാദിലും ഏപ്രിൽ 4 മുതൽ ഒരു മാസത്തേക്ക് സർക്കാർ ഉടമസ്ഥതയിലുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്താൻ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത്.

പുതുക്കിയ കണക്കനുസരിച്ച് ഡീസൽ വില ലിറ്ററിന് 54.9 ശതമാനം വർദ്ധിച്ച് 520.35 പാകിസ്താൻ രൂപയായി (ഏകദേശം 1.88 ഡോളർ). പെട്രോൾ വില 42.7 ശതമാനം വർദ്ധനവോടെ ലിറ്ററിന് 458.40 പാകിസ്താൻ രൂപയിലുമെത്തി. പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ രാജ്യത്തെ പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂവും പ്രധാന നഗരങ്ങളിൽ വലിയ പ്രതിഷേധങ്ങളുമാണ് അരങ്ങേറുന്നത്.