ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ നീട്ടി വെച്ചതിനു പിന്നാലെ മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിരിക്കുന്നു. ബി സി സി ഐയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായാണ് തീരുമാനം എടുത്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന ഏകദിനം മൂന്ന് മണിക്കാണ് തുടങ്ങുക. ഏഴരയ്ക്ക് തുടങ്ങേണ്ട ടി20 മത്സരങ്ങള്‍ എട്ട് മണിയിലേക്കും മാറ്റി. 18, 20, 23, എന്നീ ദിവസങ്ങളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. 25, 27, 29 ദിവസങ്ങളില്‍ ടി20 മത്സരങ്ങളും നടക്കും.

ശ്രീലങ്കന്‍ ക്യാമ്ബിലെ ബാറ്റിംങ് കോച്ച്‌ ഗ്രാന്റ് ഫ്‌ലവറിനും ഡാറ്റ അനലിസ്റ്റ് ജി ടി നിരോഷനും കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവര്‍ക്കും കോവിഡ് ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. ഇതോടെ ടീമിന്റെ ഐസൊലേഷന്‍ കാലാവധി നീട്ടേണ്ടി വന്നു. ഇതേതുടര്‍ന്നാണ് മത്സരങ്ങള്‍ നീട്ടിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്. കോവിഡ് ബാധിച്ച ബാറ്റിങ് കോച്ച്‌ ഗ്രാന്റ് ഫ്‌ലവറിന് പകരം താല്‍ക്കാലിക കോച്ചായി ധമിക സുദര്‍ശനയെ ശ്രീലങ്ക നിയമിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിന്റെ മുഖ്യ പരിശീലകനാണ് ധമിക. നേരത്തെ ശ്രീലങ്കന്‍ സീനിയര്‍ താരം എയ്ഞ്ചലോ മാത്യൂസ് പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. കരാര്‍ വ്യവസ്ഥകളിലെ പൊരുത്തമില്ലായ്മയാണ് പിന്മാറ്റത്തിന് കാരണമെന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാര്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് സഥിരീകരിച്ചതിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്ക് പുതിയ ടീമിനെ തന്നെ ഇറക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതരായിരുന്നു. ഇതിനു പിന്നാലെയാണ് ലങ്കന്‍ ടീമിലേക്കും കോവിഡ് കടന്നു കൂടിയത്. അതിനാല്‍ തന്നെ ക്വാറന്റീനില്‍ യാതൊരു ഇളവും ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. അതേസമയം പരമ്പരക്കായി ഇന്ത്യന്‍ ടീം വലിയ തയ്യാറെടുപ്പുകളാണ് കൊളംബോയില്‍ നടത്തുന്നത്.

ദസുണ്‍ ഷനാകയാണ് ശ്രീലങ്കന്‍ ടീമിന്റെ നായകന്‍. വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ ശ്രീലങ്കയില്‍ നയിക്കുന്നത. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍. സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമാണ് ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡെത്തുന്നത്.

മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവരും പുതുമുഖങ്ങളായി ടീമിലുണ്ട്.