ഡല്‍ഹി : ഇന്ത്യ -ചൈന സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പ്രതിരോധ കോട്ടയൊരുക്കി ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയില്‍ കര വ്യോമ സേനകളുടെ വന്‍ സന്നാഹമാണ് ഇന്ത്യ സജ്ജമാക്കിയത്. സംഘര്‍ഷം അമ്ബതാം ദിവസത്തിലേക്ക് കടക്കുകയാണ്. മെയ് അഞ്ചാം തിയ്യതി കിഴക്കന്‍ ലഡാക്കിലെ പാംഗോങ് മാള നിരകളില്‍ ഇരു സേനകളും തമ്മിലുള്ള സംഘട്ടനമാണ് പിന്നീട് യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് വളര്‍ന്നത്.

ഷിജിന്‍യാങ്ങിലും ടിബറ്റിലും വര്‍ഷങ്ങളില്‍ നടത്താറുള്ള സൈനിക അഭ്യാസങ്ങളുടെ മറവിലായിരുന്നു ചൈനയുടെ പടയൊരുക്കം. ജനുവരി മാര്‍ച്ച്‌ എന്നീ മാസങ്ങളില്‍ മൂന്നു സൈനിക അഭ്യാസങ്ങളാണ് ചൈന നടത്തിയത് എന്നാല്‍ ഇതു ചൈനയുടെ പതിവ് അഭ്യാസങ്ങളായതിനാല്‍ ഇന്ത്യ സംശയിച്ചില്ല. എന്നാല്‍ അതിനു ശേഷവും ചൈന സൈന്യത്തെ അവിടെ തന്നെ വിന്യസിച്ചു. പിന്നീട് പടിപടിയായി അവരെ അതിര്‍ത്തിയിലേക്ക് നീക്കി ഇതിനായി രണ്ടു ഡിവിഷന്‍ പട്ടാളക്കാരെയാണ് ചൈന ഉപയോഗിച്ചത്.

പെട്രോളിങ്ങിന്റെ ഭാഗമായി അവര്‍ ഗല്‍വാന്‍, ഹോട് സ്പ്രിങ്സ്, പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള നാലാം മലനിര എന്നിവിടങ്ങളിലെത്തിയ സൈനികര്‍ അവിടെ തന്നെ നിലയുറപ്പിച്ചു. എന്നാല്‍ അതിര്‍ത്തിയില്‍ തുടരുന്നത് കരാറു ലംഘനമാണെന്നും മടങ്ങി പോവണമെന്നും ചൈനീസ് സേനയോട് ഇന്ത്യന്‍ സേന ആവശ്യപ്പെട്ടു എന്നാല്‍ ഇന്ത്യയുടെ ആവശ്യം അവര്‍ അംഗീകരിച്ചില്ല. ചൈനീസ് ഭടന്‍മാരെ ബലമായി നീക്കാനുള്ള ഇന്ത്യയുടെ ശ്രമമാണ് മെയ് ആദ്യവാരത്തില്‍ സംഘട്ടനത്തിലേക്ക് നീങ്ങിയത്.