എച്ച്-1ബി (H-1B) പോലുള്ള വിസകളിൽ അമേരിക്കയിൽ കഴിയുന്ന ഇന്ത്യക്കാർക്കിടയിൽ ഇമിഗ്രേഷൻ നിയമങ്ങളെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, രാജ്യത്തെ വിസ നിയമങ്ങൾ ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്ന് വ്യക്തമാക്കി മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ. ഈ വിസ നിയമങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിന് വേണ്ടിയുള്ളതല്ലെന്നും ആഗോളതലത്തിൽ എല്ലാ രാജ്യങ്ങൾക്കും ഒരേപോലെയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“വിസകളുടെ കാര്യത്തിലേക്ക് വരുമ്പോൾ, മുൻപ് ഇവിടെയുണ്ടായിരുന്ന ഭരണകൂടങ്ങളുടെ കാലത്ത് വിസ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ കൃത്യമായ ഒരു സ്ഥിരത ഉണ്ടായിരുന്നില്ല എന്നതാണ് നമ്മൾ ദീർഘകാലമായി കണ്ടിരുന്നത്. എന്നാൽ ഇനി മുതൽ ആ സാഹചര്യം ഉണ്ടാകില്ല. നമ്മൾ വിസ നിയമങ്ങൾ എല്ലാ മേഖലകളിലും ഒരുപോലെയാണ് നടപ്പിലാക്കുന്നത്. ഇത് കൂടുതൽ വ്യക്തത നൽകുമെന്നാണ് ഞാൻ കരുതുന്നത്,” യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് (Tommy Pigott) വ്യക്തമാക്കി.

ന്യൂയോർക്ക് ഫോറിൻ പ്രസ് സെന്റർ തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്കായി വ്യാഴാഴ്ച സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ, എച്ച്-1ബി വിസയിലുള്ള ഇന്ത്യക്കാരുടെ ആശങ്കകൾ ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ വിഷയങ്ങളെക്കുറിച്ചുള്ള പിടിഐയുടെ (PTI) ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പിഗോട്ട്.