പരമ്പരാഗത വാങ്ങൽ-വിൽപന രീതികൾക്കപ്പുറം ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാനുള്ള റഷ്യയുടെ താൽപര്യത്തിന്റെ ഭാഗമായി അഞ്ചാം തലമുറ സുഖോയ് Su-57 സ്റ്റെൽത്ത് യുദ്ധവിമാനം ഇന്ത്യയുമായി ചേർന്ന് സംയുക്തമായി വികസിപ്പിക്കാനും നിർമ്മിക്കാനുമുള്ള ഓഫർ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ശനിയാഴ്ച പുതുക്കി. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി ഇന്ത്യ ടുഡേ ഗ്രൂപ്പ് എഡിറ്റർ ഗീതാ മോഹനോട് സംസാരിക്കവെയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
അത്യാധുനിക യുദ്ധവിമാനത്തിന്റെ കാര്യത്തിൽ സഹകരണത്തിന് റഷ്യ ഇപ്പോഴും തയ്യാറാണെന്ന് പുടിൻ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലത്തെ സൈനിക പങ്കാളിത്തത്തെ അദ്ദേഹം എടുത്തുപറയുകയും ചെയ്തു. Su-57 വിമാനത്തിന്റെ സഹകരണത്തിനായുള്ള റഷ്യയുടെ ഓഫർ ഇപ്പോഴും നിലവിലുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് സോവിയറ്റ് കാലഘട്ടം തൊട്ടേ ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത സൈനിക-സാങ്കേതിക സഹകരണത്തിന്റെ ചരിത്രമുണ്ടെന്നും ഇന്ത്യൻ സായുധ സേനയുടെ വലിയൊരു ഭാഗം ഇപ്പോഴും റഷ്യൻ നിർമ്മിത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



