ഇന്ത്യന്‍ ടീമിന്റെ ഭാവി നായകനാവാന്‍ മികവുള്ള താരമാണ് റിഷഭ് പന്തെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിങ്. ഇന്ത്യന്‍ യുവതാരത്തെ വാനോളം പ്രശംസിച്ച യുവരാജ് പന്തിനെ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആദം ഗില്‍ക്രിസ്റ്റുമായാണ് ഉപമിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിലെ പതിവ് രീതികളെ മാറ്റിമറിച്ച താരമായിരുന്നു അദം ഗില്‍‌ക്രിസ്റ്റെന്നും പന്തും അത്തരത്തിലുള്ള ഒരു താരമാണെന്നും യുവരാജ് പറഞ്ഞു. നേരത്തെ തന്റെ ബാറ്റിങ് പ്രകടനത്തിന്റെ പേരിലും വിക്കറ്റുകള്‍ വലിച്ചെറിയുന്ന സ്വഭാവത്തിനും ഒരുപാട് പഴി കേട്ടിരുന്ന പന്തിനെ പറ്റി ഇപ്പോള്‍ നല്ല കാര്യങ്ങള്‍ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഒരു മാച്ച്‌ വിന്നറാണ് താനെന്ന് പന്ത് തെളിയിച്ചു കഴിഞ്ഞുവെന്നും യുവരാജ് പറഞ്ഞു.