ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരുടെ പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് മുന്‍പില്‍ മഹേന്ദ്ര സിംഗ് ധോണി മാത്രം. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കാനിറങ്ങിയതോടെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമായി രോഹിത് ശര്‍മ്മ മാറിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം രോഹിത് ശര്‍മ്മയുടെ 194മത്തെ മത്സരമായിരുന്നു.
195 മത്സരങ്ങള്‍ കളിച്ച മഹേന്ദ്ര സിംഗ് ധോണിയാണ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. 193 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ച സുരേഷ് റെയ്നയുടെ റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മ മറികടന്നത്. നേരത്തെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്ന ടൂര്‍ണമെന്റില്‍ നിന്ന് വിട്ട് നിന്നിരുന്നു. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ഏറ്റവും കൂടുതല്‍ നേടിയ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സിന് വേണ്ടി 4 കിരീടങ്ങള്‍ രോഹിത് ശര്‍മ്മ നേടികൊടുത്തിട്ടുണ്ട്.