ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപക്കേസില്‍ ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത് ചാര്‍ജ് ഷീറ്റല്ല മറിച്ച് ചീറ്റ് ഷീറ്റാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു പ്രതികരണം.
‘ഇത് ഒരു കുറ്റപത്രമല്ല, ഇതൊരു ചീറ്റ്ഷീറ്റാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പോലിസ് മുഖേന കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബൃന്ദാ കാരാട്ട് എഎന്‍ഐയോട് പറഞ്ഞു.
കപില്‍ മിശ്രയെപ്പോലുള്ള വര്‍ഗീയ അക്രമത്തിന് യഥാര്‍ത്ഥത്തില്‍ ഉത്തരവാദികളായവരെ ഇതേ ചീറ്റ്ഷീറ്റില്‍ ‘വിസില്‍ ബ്ലോവര്‍’മാരായി കണക്കാക്കുന്നു. പൗരത്വ ഭേഗദതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഞങ്ങളെ ഇന്ത്യ വിരുദ്ധര്‍, ഭരണഘടനാ വിരുദ്ധര്‍ എന്ന് വിളിക്കുന്നു. ഞങ്ങള്‍ക്കെതിരെ കുറ്റം ചുമത്തുന്നു, അതിനാല്‍ ഇത് ആളുകളെ വഞ്ചിക്കുകയാണ്, “അവര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, സിപിഐഎംഎല്‍ ബ്യുറോ അംഗം കവിതാ കൃഷ്ണന്‍, വിദ്യാര്‍ഥി പ്രവര്‍ത്തകന്‍ കവല്‍പ്രീത് കൗര്‍, ശാസ്ത്രജ്ഞന്‍ ഗൗഹര്‍ റാസ, അഡ്വ. പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ കലാപത്തിനു ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ളത്. കലാപക്കേസിലെ കുറ്റപത്രത്തില്‍ ഡല്‍ഹി പോലിസ് തന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു.