ഡൽഹിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ മാർച്ചിലും സംഘർഷം. പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.
ബൃന്ദ കാരാട്ട് അടക്കം മറ്റ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ, പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. അറസ്റ്റിനെതിരെ പ്രവർത്തകർ എം എ ബേബി അടക്കമുള്ള നേതാക്കൾക്ക് കവചമൊരുക്കിയെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. മുഴുവൻ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.



