ഇങ്ങനെ വേണം സല്യൂട്, കോര്പറേഷന് യോഗത്തിനിടെ മേയര്‍ക്ക് ലഭിച്ചത് ഇഷ്ടം പോലെ സല്യൂട്, തിരിച്ചും നല്കി തുരുതുരാ. ഇതോടെ തന്നെ സല്യൂട് ചെയ്യുന്നില്ലെന്ന മേയറുടെ പരാതിയും തീര്‍ന്നിരിക്കണം. കോര്പറേഷന് കൗണ്‍സിലില്‍ വാദപ്രതിവാദത്തിനും ബഹളത്തിനുമിടയിലാണ് കഴിഞ്ഞദിവസം ചിരി പടര്‍ത്തി സല്യൂട് അടിയും തിരിച്ചടിയും നടന്നത്.
മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന പ്രത്യേക കൗണ്‍സിലിലാണ് നാടകീയ രംഗങ്ങള്‍. മാസ്റ്റര്‍ പ്ലാന്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും മേയര്‍ എം കെ വര്‍ഗീസിനെ വളഞ്ഞു.
ഇതിനിടയിലാണ് അടുത്തിടെ മേയര്‍ ഉള്‍പെട്ട സല്യൂട് വിവാദം ഓര്‍മപ്പെടുത്തും വിധം പ്രതിപക്ഷാംഗങ്ങള്‍ മേയറെ സല്യൂട് ചെയ്തത്. മേയറും പതറിയില്ല. അദ്ദേഹം തിരിച്ചും സല്യൂട് അടിച്ചു. ഒന്നല്ല, കസേരയുടെ ഇടതു വശത്തേക്കും വലതു വശത്തേക്കും ഓരോന്നു വീതം. കുറച്ചു നേരത്തേക്ക് തുരുതുരാ സല്യൂടുകള് പറന്നു. തനിക്ക് സല്യൂട് കിട്ടുന്നില്ലെന്ന പരാതിയും തീര്‍ന്നു.
പൊലീസ് ബഹുമാനം കാട്ടുന്നില്ലെന്നും സല്യൂട് നല്‍കുന്നില്ലെന്നും കാണിച്ച് മേയര്‍ ഡിജിപിക്ക് നല്കിയ കത്തു വിവാദമായിരുന്നു.



