ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ടിനെ രണ്ട് ഇന്നിങ്സിലും ഓള്‍ ഔട്ടാക്കിയ ഇന്ത്യന്‍ പേസ് ബൗളര്‍മാരെ അഭിനന്ദിച്ച് പാക് മുന്‍ നായകന്‍ കൂടിയായ ഇന്‍സമാം ഉള്‍ ഹഖ്. മത്സരത്തില്‍ ഇന്ത്യ ആധിപത്യം നേടിയതിന് കാരണം പേസര്‍മാരെന്ന് വിശദീകരിച്ച ഇന്‍സമാം ജസ്പ്രീത് ബുമ്ര അടക്കം എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. തന്റെ യു ട്യൂബ് ചാനലിലെ പുതിയ വീഡിയോയിലൂടെ ആയിരുന്നു ഇന്‍സമാമിന്റെ വാക്കുകള്‍.
പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ സെഷനില്‍ തന്നെ ടീം ഇന്ത്യ താളം കണ്ടെത്തിക്കഴിഞ്ഞു. മികച്ച ബൗളിങ്ങിലൂടെ ഇംഗ്ലണ്ടിനെ ബാക്ക് ഫൂട്ടിലാക്കാന്‍ പേസര്‍മാര്‍ക്ക് സാധിച്ചു. വിദേശ പിച്ചുകളില്‍ സാധാരണ ഉപഭൂഖണ്ഡത്തിലെ ബൗളര്‍മാര്‍ പലപ്പോഴും ബുദ്ധിമുട്ടാറാണ് പതിവ്. എന്നാല്‍ ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ തളര്‍ത്തിക്കളഞ്ഞു. ആദ്യ ഇന്നിങ്സില്‍ ബുംറ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും ജോ റൂട്ടിനെ വിഷമിപ്പിക്കുന്നതായിരുന്നു ബുംറയുടെയും ഷമിയുടെയും പന്തുകള്‍.
മുന്‍പും ഇന്ത്യയ്ക്ക് മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുളള പേസര്‍മാരാണ് ആക്രമണോത്സുക ബൗളിങ് കാഴ്ച വെക്കുന്നത്. ഇത്തരത്തിലുളള പേസര്‍മാര്‍ ഉണ്ടെങ്കില്‍ മികച്ച പ്രകടനങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. ബുംറയ്ക്ക് പുറമെ മുഹമ്മദ് ഷമി, സിറാജ് എന്നിവരും മിടുക്കരാണ്. ഇത്തരമൊരു ഇന്ത്യന്‍ പേസ് ബൗളിങ് നിരയെ ഞാനിത് വരെ കണ്ടിട്ടില്ല.
മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ നാലുവിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാമത്തെ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റുകളാണ് പിഴുതത്. രണ്ട് ഇന്നിങ്സുകളിലുമായി ഷമി നാലും സിറാജ് മൂന്നും ഷര്‍ദൂല്‍ താക്കൂര്‍ നാലും വിക്കറ്റുകള്‍ നേടി. ഒരു ദിവസം ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് മത്സരത്തില്‍ വിജയിക്കാന്‍ 157 റണ്‍സ് മതി. ഒന്‍പത് വിക്കറ്റുകളും അവശേഷിക്കുന്നുണ്ട്.



