കൊല്‍ക്കത്ത: ബംഗാളില്‍ മൂന്ന് തരത്തിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്ന് അധീര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസും ഇടതുപക്ഷവും ചേരുന്നതോടെ തിരഞ്ഞെടുപ്പ് കടുപ്പമാകും. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം ഗെയിം ചേഞ്ചറായിരിക്കുമെന്ന് ചൗധറി പറഞ്ഞു. എളുപ്പത്തില്‍ വിജയിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും കരുതേണ്ട. തൃണമൂലിന്റെയും ബിജെപിയുടെയും വോട്ടുബാങ്ക് ചോര്‍ത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അവരെ തളയ്ക്കുന്നത് വഴി സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങളെ പുന:സ്ഥാപിക്കാന്‍ സാധിക്കുമെന്നും അധീര്‍ ചൗധരി പറഞ്ഞു.

സംസ്ഥാനത്ത് ദീര്‍ഘകാലമായി ഏകാധിപത്യ ഭരണമാണ് ബിജെപിയും തൃണമൂലും ചേര്‍ന്ന് നടപ്പാക്കുന്നതെന്നും ചൗധരി പറയുന്നു. എന്നാല്‍ തൂക്കുസഭയുണ്ടായാല്‍ തൃണമൂലിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ മറുപടി പറയാന്‍ ചൗധരി തയ്യാറായില്ല. സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് മറുപടി പറയാനില്ല. അത്തരമൊരു സാഹചര്യം വന്നാല്‍ മാത്രമേ എന്തെങ്കിലും പ്രതികരിക്കാനാവൂ.

അതേസമയം ബംഗാളില്‍ അവസാനമായി ഒരു തൂക്കുസഭ കണ്ടത് 1967ലെ തിരഞ്ഞെടുപ്പിലാണ്. അന്ന് ബംഗ്ലാ കോണ്‍ഗ്രസും സിപിഎം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയിരുന്നു. മമതയുടെ പ്രീണന രാഷ്ട്രീയമാണ് ബംഗാളില്‍ ബിജെപിയെ ശക്തമാക്കിയതെന്ന് അധീര്‍ ചൗധരി ആരോപിച്ചു.

പാര്‍ട്ടി വിട്ടുപോയവരെ ഒക്കെ മടക്കി കൊണ്ടുവരികയാണ് ഞാന്‍ ലക്ഷ്യമിടുന്നത്. ബംഗാള്‍ എപ്പോഴും മതേതര ഭൂമികയായിരുന്നു. തൃണമൂലും ബിജെപിയും അതിനെ വര്‍ഗീയമായി വിഭജിച്ചു. ബംഗാള്‍ രാഷ്ട്രീയത്തില്‍ ഗെയിം ചേഞ്ചറായിരിക്കും കോണ്‍ഗ്രസ് സഖ്യമെന്ന് ഉറപ്പ് നല്‍കുന്നു.

കോണ്‍ഗ്രസില്‍ നിന്ന് പോയവര്‍ ഇപ്പോള്‍ ബിജെപിയിലും തൃണമൂലിലുമുണ്ട്. അവരെയാണ് മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. വികസനം, അഴിമതിരഹിത ഭരണം എന്നിവയില്‍ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് സഖ്യം പ്രചാരണം നയിക്കുകയെന്നും അധീര്‍ ചൗധരി പറഞ്ഞു.

തൃണമൂലും ബിജെപിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. തൃണമൂല്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു മുമ്ബ്. പ്രീണന രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് ഇവര്‍ പരസ്പരം മത്സരിക്കും. തൃണമൂലാണ് തൊണ്ണൂറുകളുടെ അവസാനത്തില്‍ ബിജെപിയെ ബംഗാളിലേക്ക് കൊണ്ടുവന്നത്.

മുസ്ലീങ്ങളുടെ വികസനത്തിനായി തൃണമൂല്‍ ഒന്നും ചെയ്തിട്ടില്ല. പകരം അവര്‍ പ്രീണന രാഷ്ട്രീയം കൊണ്ടുവന്നു. സംസ്ഥാനത്തിന്റെ മതേതര അടിത്തറ അവര്‍ തകര്‍ത്തെന്നും ചൗധരി പറഞ്ഞു. തൃണമൂല്‍ മുസ്ലീങ്ങളുടെ മിശിഹയായും ബിജെപി ഹിന്ദുക്കളുടെ സംരക്ഷകരായും സ്വയം അവകാശപ്പെടുകയാണെന്നും അധീര്‍ ചൗധരി പഞ്ഞു.

രാജ്യത്തെ സമ്പദ് ഘടന തകര്‍ന്നിരിക്കുകയാണ്. കോവിഡ് നിയന്ത്രണവും കഷ്ടത്തിലാണ്. ബിജെപി എന്ത് പറഞ്ഞ് വോട്ടുനേടും. അവരെ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബാധിക്കാന്‍ പോകുന്ന വിഷയമാണിത്. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പറ്റിയൊന്നും ഇത്തവണ പറയാനില്ല.

അവരുടെ മോശം ഭരണത്തിനെതിരെയാണ് കാറ്റ് വീശുന്നത്. മുമ്പ്‌ കോണ്‍ഗ്രസ്-ഇടത് സഖ്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍ അത് മാറ്റിയെടുത്തെന്നും, ശക്തമായ തിരിച്ചുവരവ് സഖ്യം നടത്തുമെന്നും അധീര്‍ ചൗധരി വ്യക്തമാക്കി.