വണ്ടൂര്‍: മുന്നില്‍ തൂങ്ങിയാടുന്ന ജീവനെ മനക്കരുത്തില്‍ താങ്ങിനിര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതിെന്റ ആത്മനിര്‍വൃതിയിലാണ് തിരുവാലി തൃക്കൈപ്പറ്റ വെള്ളാരം ബാലകൃഷ്ണെന്റ മകള്‍ അനാമിക.
ഓടിക്കൂടിയ മുതിര്‍ന്നവര്‍ പോലും പകച്ചുനിന്നപ്പോള്‍ അനാമികയും സഹോദരപുത്രി അയനയും നടത്തിയ ഇടപെടല്‍ നാടിനുതന്നെ അഭിമാനമാവുകയായിരുന്നു.
പത്താംതരം വിദ്യാര്‍ഥികളുടെ അവസരോചിത ഇടപെടല്‍ എസ്.പി.സി സ്ഥാപകന്‍ കൂടിയായ ഐ.ജി പി. വിജയന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് നാടറിയുന്നത്. കഴിഞ്ഞദിവസം രാവിലെ 10.30ഓടെ തൊട്ടടുത്തുള്ള ബന്ധുവീട്ടിലായിരുന്നു സംഭവം. വീടിനകത്തുനിന്ന് അപശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് ആത്മഹത്യ ശ്രമത്തിനിടെ യുവതി കയറില്‍ പിടയുന്നത് കണ്ടത്. ഉടന്‍ കാലില്‍ പിടിച്ച് ഉയര്‍ത്തി സഹപാഠികൂടിയായ അയനയോട് കയറഴിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ആളുകള്‍ ഓടിക്കൂടി അഴിച്ചുമാറ്റിയപ്പോഴേക്കും ശ്രമം നടത്തിയ യുവതി അബോധാവസ്ഥയിലായിരുന്നു. അവസരോചിത ഇടപെടല്‍ നടത്തിയ രണ്ടുപേരും തിരുവാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10ാംതരം വിദ്യാര്‍ഥികളാണ്. സീനിയര്‍ എസ്.പി.സി കാഡറ്റു കൂടിയായ അനാമികക്ക് എസ്.പി.സിയില്‍നിന്ന് നേരത്തേ കിട്ടിയ പരിശീലനം നിര്‍ണായകഘട്ടത്തില്‍ തുണയായതായി മാതാവ് സന്ധ്യ പറഞ്ഞു.
അബോധാവസ്ഥയിലായ യുവതിയെ ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു



