ബംഗ്‌ളൂരുവില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കേരളത്തിലെ സിനിമാ താരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും ഇതും മനസിലാക്കാവുന്നതാണ്. ഹോട്ടലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയും ചില താരങ്ങളും അനൂപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സംസാരിച്ചിരുന്നു. ആസിഫ് അലി അടക്കമുളള സിനിമാ താരങ്ങളും ആശംസ അര്‍പ്പിച്ച്‌ സംസാരിച്ചിരുന്നുവെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കേരളത്തിലെ രാഷ്ട്രീയക്കാരിലെ ഉന്നത നേതൃത്വങ്ങള്‍, സിനിമാ മേഖലയിലെ താരങ്ങള്‍, സ്വര്‍ണക്കടത്ത് കേസ്, ലഹരിമരുന്ന് കേസ് ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്.പിടിയിലായ അനൂപ് മുഹമ്മദിന്റെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പല പ്രമുഖരുടെയും പേരുകളുണ്ട്. സ്വര്‍ണക്കടത്തില്‍ പിടിയിലായ ചിലരുടെ നമ്ബരുകളും ഇതിലുണ്ടെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. കേരളത്തിലെ സിനിമാ മേഖലയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നത് ഇപ്പോള്‍ അറസ്റ്റിലായവരാണ്.

ഉന്നത നേതൃത്വത്തിലേക്കും കേരളത്തിലേക്കും അന്വേഷണം എത്തിപ്പെടാതിരിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത്തരം ചില സൂചനകള്‍ ലഭിച്ചു. പൊളിറ്റിക്കല്‍ ലോബിയെ പോലെ സിനിമാ ലോബിയുടെയും സമ്മര്‍ദ്ദം ഉണ്ട്. സിനിമാലോബി വലിയ ശക്തരാണ്. അന്വേഷണം അട്ടിമറിക്കപ്പെടാം. രാഷ്ട്രീയ നേതൃത്വത്തിനും സിനിമ താരങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കട്ടെ. കേരളത്തിലെ സിനിമാ താരങ്ങള്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോ എന്നത് പരിശോധിക്കാന്‍ സമഗ്ര അന്വേഷണം വേണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ബം​ഗ്ളൂരുവിലെ ലഹരിമരുന്ന് കേസില്‍ ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖ, മുഹമ്മദ് അനൂപ്, ആര്‍.രവീന്ദ്രന്‍ എന്നിങ്ങനെ മൂന്ന് മലയാളികളെയാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ പ്രമുഖ സംഗീതജ്ഞര്‍ക്കും മുന്‍നിര അഭിനേതാക്കള്‍ക്കും ഈ സംഘം ലഹരിമരുന്ന് വിതരണം ചെയ്തതായും കേരളത്തിലെ വിഐപികളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണെന്നും എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര ഇവരുടെ അറസ്റ്റിന് പിന്നാലെ പറഞ്ഞിരുന്നു. എക്സ്റ്റസി എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണ് കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്സ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍നിന്ന് ആദ്യം പിടിച്ചെടുത്തത്.

96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസില്‍നിന്നും കണ്ടുകെട്ടി. ദൊഡാഗുബ്ബിയിലുള്ള അനിഖയുടെ വീട്ടില്‍നിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തിരുന്നു. 20 ലക്ഷം വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കന്നഡ സിനിമാ മേഖലയില്‍ ഡ്രഗ് പാര്‍ട്ടി നടത്തുന്നത് ഇവരുടെ നേതൃത്വത്തിലാണെന്നും അന്വേഷണ സംഘം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു,