ആലപ്പുഴ: ജില്ലയില്‍ ബുധനാഴ്ച ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയായ ഗര്‍ഭിണിയുടെ ഭര്‍ത്താവിനാണ് രോഗബാധ. മേയ് ഒമ്ബതിന് കുവൈത്തില്‍നിന്ന് നെടുമ്ബാശ്ശേരിയില്‍ വിമാനത്തിലെത്തിയ ഇദ്ദേഹം ടാക്സിയില്‍ വീട്ടിലെത്തി ക്വാറന്‍റീനില്‍ ആയിരുന്നു. അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ജില്ലയില്‍ ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് ആറുപേരാണ്. ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുവൈത്തില്‍ നഴ്സായ യുവതി പൂര്‍ണഗര്‍ഭിണിയാണ്. ചെന്നിത്തല സ്വദേശിനിയായ യുവതിയുടെ വിവാഹം ഒരു വര്‍ഷം മുമ്ബായിരുന്നു.
വിദൂര ജില്ലക്കാരനായ ഭര്‍ത്താവിനും കുവൈത്തിലാണ് ജോലി. യുവതിയുടെ പിതൃസഹോദരെന്റ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പരിശോധനഫലങ്ങള്‍ പോസിറ്റിവ് ആണെന്ന് കണ്ടതോടെ ആംബുലന്‍സ് എത്തി ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.