തിരുവനന്തപുരം: തിരുവനന്തപുരം റീജീയണല്‍ കാന്‍സര്‍ സെന്ററിലെ ലിഫ്റ്റില്‍ അപകടത്തില്‍പ്പെട്ട യുവതി ഗുരുതരാവസ്ഥയില്‍ ഐ.സി.യുവില്‍. ജീവനക്കാരുടെ അനാസ്ഥമൂലമാണ് അപകടം സംഭവിച്ചത്.

അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ടുനില താഴ്ചയിലേക്കാണ് യുവതി വീണ് പരിക്കേറ്റത്. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കുണ്ടയം ചരുവിള വീട്ടില്‍ നദീറ (22) മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐ.സി.യുവില്‍ ചികിത്സയിലാണ്.

15നു പുലര്‍ച്ചെ 5നായിരുന്നു അപകടം. തുടയെല്ലിലെ ശസ്ത്രക്രിയക്കു ശേഷം 22ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും ന്യൂറോ ഐ.സി.യുവിലേക്ക് മാറ്റി. വിദഗ്ദ്ധ പരിശോധനയില്‍ തലച്ചോറിന് മാരക ക്ഷതം സംഭവിച്ചെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

ആര്‍.സി.സിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയിലായിന്ന അമ്മ നസീമയെ പരിചരിക്കാനെത്തിയ നദീറ ലിഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവച്ചപ്പോഴാണ് വീണത്. ഇവര്‍ രണ്ട് മണിക്കൂറോളം അവിടെ തന്നെ കുടുങ്ങിക്കിടന്നു. സുരക്ഷാജീവനക്കാരാണ് ചലിക്കാനാവാതെ കിടന്ന നദീറയെ കണ്ടെത്തിയത്.

അമ്മയും ഒരു വയസുള്ള മകളും അടങ്ങുന്ന നിര്‍ദ്ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് നദീറ. അര്‍ബുദ രോഗിയായ അമ്മ നസീമയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതിനിടെയാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ഭര്‍ത്താവിനും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്.

അപായ സൂചന നല്‍കാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.