അലാസ്‌ക: കാലാവസ്ഥാ ശാസ്ത്രജ്ഞരെ അമ്ബരപ്പിച്ചു കൊണ്ട് ആര്‍ട്ടിക് മേഖലയില്‍ അസാധാരണമായ കാറ്റും ഇടിമിന്നലും. സൈബീരിയ മുതല്‍ അലാസ്‌ക വരെ നീണ്ടുകിടക്കുന്ന ആര്‍ട്ടിക് മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കാറ്റും മിന്നലുമുണ്ടായി.

മഞ്ഞു മൂടിയ ആര്‍ട്ടിക് സമുദ്രത്തില്‍ മിന്നലിനുള്ള വിദൂരസാധ്യതപോലുമില്ലാത്തതാണ്. എന്നാല്‍, അന്തരീക്ഷോഷ്മാവ് വര്‍ധിച്ചതോടെ മേഖലയിലെ വായു മിന്നല്‍ചാലകമായി മാറുകയായിരുന്നു. ഇത്തരമൊരു പ്രതിഭാസം മുന്‍പു കണ്ടിട്ടില്ലെന്നും കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇനിയങ്ങോട്ട് ഈ മേഖലയില്‍ കാറ്റും മിന്നലുമൊക്കെ സാധാരണയായി മാറുമെന്നും ശാസ്ത്രജ്ഞര്‍ ശങ്കിക്കുന്നു.

2010 മുതല്‍ ഗ്രീഷ്മകാലത്ത് ആര്‍ട്ടിക്കില്‍ മിന്നലുകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ അതിന്റെ ശക്തിയും വ്യാപ്തിയും വര്‍ധിച്ചുവരികയാണ്. സൈബീരിയയിലാണു മിന്നല്‍ ശക്തമായിട്ടുള്ളത്. കഴിഞ്ഞയാഴ്ച മിന്നലേറ്റുണ്ടായ കാട്ടുതീ സൈബീരിയയില്‍ 20 ലക്ഷം ഏക്കര്‍ ഭൂമിയില്‍ നാശം വിതച്ചു. ജൂണില്‍ അലാസ്‌കയിലെ തുന്ദ്ര മേഖലയിലെ 18,000 ഹെക്ടല്‍ വനത്തിനും കാട്ടുതീയില്‍ നാശം സംഭവിച്ചിരുന്നു.