ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് 65 കാരനായ ആബെ പദവി ഒഴിഞ്ഞത്. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഷിന്‍സോ ആബെ രാജിവെക്കുന്നത്. നേരത്തെ 2007 ലും ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി അദ്ദേഹം പദവി ഒഴിഞ്ഞിരുന്നു. ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഷിന്‍സോ ആബെ ഇക്കാര്യം അറിയിച്ചത്.

കൊവിഡിന്‍്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ശൂന്യത ഒഴിവാക്കാനാണ് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതെന്നു ഷിന്‍സോ ആബെ വ്യക്തമാക്കി. വന്‍കുടലിലെ വീക്കം മൂലം ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ആബെ പദവി ഒഴിഞ്ഞത്.

ഏതാനും ആഴ്ച്ചകളായി ഷിന്‍സോ ആബെയുടെ ആരോഗ്യത്തെപ്പറ്റി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തയിടെ രണ്ട് തവണ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി എത്തിയതും സംശയത്തിന് ഇടയാക്കി. ഓഗസ്റ്റ് 17 ന് ആശുപത്രിയില്‍ എത്തിയ ഇദ്ദേഹം ഏഴ് മണിക്കൂറിലധികം സമയം പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇതിന് ശേഷം ഒരാഴ്ചക്കകം വീണ്ടും പരിശോധയ്ക്കായി എത്തിയ ഷിന്‍സോ ആബെ ജോലിയില്‍ തുടരുമെന്നാണ് അന്ന് അറിയിച്ചത്.

ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം വഹിച്ച വ്യക്തിയാണ് ഷിന്‍സോ ആബെ. 2006 ല്‍ ആദ്യമായി പ്രധാനമന്ത്രി പദവിലെത്തിയ അദ്ദേഹം ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം രാജി വെച്ചിരുന്നു. മന്ത്രിസഭയിലെ അഴിമതികളും ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ആബെയെ അന്ന് അലട്ടിയിരുന്നു. പിന്നീട് 2012 ല്‍ വീണ്ടും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇദ്ദേഹം 2017 ലെ തിരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. 2012 മുതല്‍ തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്നു. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും പാര്‍ട്ടി അംഗങ്ങള്‍ക്കെതിരായ അഴിമതി ആരോപണങ്ങളും ഷിന്‍സോ ആബെയെ വലച്ചിരുന്നു. കൊവിഡ് കേസുകളില്‍ ഗണ്യമായി കൂടിയില്ലെങ്കിലും ആദ്യ ഘട്ടത്തിലെ ആബെയുടെ നിലപാടുകള്‍ കടുത്ത വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു. 2021 സെപ്റ്റംബറില്‍ നിലവിലെ കാലാവധി അവസാനിക്കാനിരിക്കെയാണ് ആബെയുടെ രാജി.