തിരുവനന്തപുരം: ക്വാറന്റയിനും ആയൂര്‍വേദ ചികിത്സയും കഴിഞ്ഞ്‌ അടുത്തയാഴ്‌ച മോഹന്‍ലാല്‍ വീണ്ടും ക്യാമറയ്‌ക്ക്‌ മുന്നിലെത്തുന്നു. എല്ലാവര്‍ഷവുമുള്ള ആയൂര്‍വേദ ചികിത്സ ഇക്കൊല്ലവും മുടക്കിയില്ല. തൃശൂര്‍ പൂമുള്ളിമനയിലാണ്‌ വര്‍ഷങ്ങളായി കര്‍ക്കിടക മാസത്തില്‍ ചികിത്സയ്‌ക്ക്‌ പോകുന്നത്‌. കോവിഡ്‌ കാരണം ഇത്തവണ അത്‌ ചിങ്ങത്തിലായി എന്ന്‌ മാത്രമല്ല പെരുങ്ങോട്ടുകരയിലുള്ള ആയൂര്‍വേദ ഹെറിറ്റേജിലേക്ക്‌ മാറ്റുകയും ചെയ്‌തു. സെപ്‌തംബര്‍ രണ്ടിനാണ്‌ ചികിത്സയ്‌ക്ക്‌ പോയത്‌. രണ്ടാഴ്‌ചയാണ്‌ ചികിത്സ. 20ന്‌ ദൃശ്യം രണ്ടിന്റെ ചിത്രീകരണം തുടങ്ങും. അതിന്‌ മുമ്പു ക്വാറന്റയിനില്‍ പോകണമെന്ന്‌ സംവിധായകന്‍ നിര്‍ദ്ദേശിച്ചിരുന്നു. ക്വാറന്റയിനും ചികിത്സയും ഒരുമിച്ചാക്കി. ലോക്‌ഡൗണിനെ തുടര്‍ന്ന്‌ ചെന്നൈയില്‍ അകപ്പെട്ട താരം ജൂലായി 20നാണ്‌ കൊച്ചിയിലെത്തിയത്‌. ശേഷം ക്വാറന്റയിനില്‍ പോയിരുന്നു. അത്‌ കഴിഞ്ഞ്‌ കോവിഡ്‌ പരിശോധനയും നടത്തി. നെഗറ്റീവായിരുന്നു.