ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരുവില്‍ അജ്ഞാതരോഗം പടര്‍ന്നത് കുടിവെള്ളത്തില്‍ ലോഹം കലര്‍ന്നതുമൂലമെന്ന് പ്രാഥമിക നിഗമനം. രോഗികളുടെ രക്തപരിശോധനയില്‍ നിക്കല്‍, ലെഡ് തുടങ്ങിയവയുടെ കൂടിയ സാന്നിധ്യവും കുടിവെള്ളത്തില്‍ കണ്ടെത്തി. ഇതുവരെ 561 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ടുചെയ്തത്. ഇതില്‍ 45 വയസ്സുള്ള ഒരാള്‍ മരിക്കുകയും ചെയ്തു.

– ശനിയാഴ്ചയോടെയാണ് രോഗം പടരാന്‍ തുടങ്ങിയത്. ഛര്‍ദിക്കുശേഷം അപസ്മാരത്തോടെ കുഴഞ്ഞുവീഴുകയാണ് ലക്ഷണം. മംഗളഗിരി എയിംസിലെ ഡയറക്ടര്‍ രാകേഷ് കാക്കറുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്. കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സമര്‍പ്പിച്ചു. കുടിവെള്ളത്തില്‍ എങ്ങനെ ലോഹം കലര്‍ന്നുവെന്നത് ഡല്‍ഹി എയിംസിലെ വിദഗ്‌ധരും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു.

കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ അംശം കൂടുതലായി കണ്ടെത്തിയിട്ടില്ല. തിങ്കളാഴ്ചത്തേതിനെ അപേക്ഷിച്ച്‌ ചൊവ്വാഴ്ച രോഗബാധ കുറഞ്ഞിട്ടുണ്ട്. 73 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗത്തിന്റെ ഉറവിടത്തെക്കുറിച്ചന്വേഷിക്കാന്‍ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ്‌ മോളിക്യുലര്‍ ബയോളജിയെയും (സിസിഎംബി) ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മൂന്നംഗ കേന്ദ്രസംഘം ചൊവ്വാഴ്ച എലൂരിലെത്തിയിരുന്നു. ലോകാരോഗ്യസംഘടനയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സ്ഥലത്തുനിന്നു ശേഖരിച്ച പച്ചക്കറി, പാല്‍, സിറം സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. എലൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.