സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ മണിക്കൂര്‍ മാത്രം ശേഷിക്കെ ആകംഷയില്‍ ഫുട്ബോള്‍ ലോകം. ലെയണല്‍ മെസിയുടെയും സെര്‍ജിയോ റാമോസിന്റെയും ഡേവിഡ് ആല്‍ബയുടെയും ജാക്ക് ഗ്രീലിഷിന്റെയുമെല്ലാം കൂടുമാറ്റങ്ങള്‍കൊണ്ട് ലോകശ്രദ്ധ നേടിയ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാന മിനിറ്റിലേക്ക് അടുക്കുമ്ബോഴും ത്രില്ലറുകള്‍ക്ക് കുറവില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് യുവന്റസില്‍ നിന്ന് കരിയറില്‍ പേരും പെരുമയും സമ്മാനിച്ച ഇംഗ്ലണ്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവന്റസിലെ തന്റെ സഹതാരങ്ങളോട് ഔദ്യോഗികമായി താരം യാത്ര പറഞ്ഞുകഴിഞ്ഞതായാണ് അന്താരാഷ്ട്ര കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറ്റിയുമായുള്ള ചര്‍ച്ചകള്‍ ധാരണയിലെത്തിയതായാണ് സൂചന. ഔദ്യോഗികമായി സിറ്റി യുവന്റസിന് ബിഡ് സമര്‍പ്പിച്ചാല്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാകും. അതുവരെ യുവന്റസ് ടീമില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് റൊണാള്‍ഡോയുടെ
തീരുമാനം.
കൈമാറ്റതുകയായി എകദേശം 260 കോടി രൂപ സിറ്റി ഇറ്റാലിയന്‍ ചമ്ബ്യന്‍മാര്‍ക്ക് നല്‍കാന്‍ തയ്യാറായതോടെയാണ് ഒരാഴ്ച മുമ്ബുവരെ ആരും പ്രതീക്ഷിക്കാതിരുന്ന ട്രാന്‍സ്ഫറിന് വേഗം പകര്‍ന്നത്. ആദ്യ ചമ്ബ്യന്‍സ് ലീഗ് കിരീടമെന്ന സിറ്റിയുടെയും ആറാം യൂറോപ്യന്‍ കിരീടമെന്ന റൊണാള്‍ഡോയുടെയും ആഗ്രഹമാണ് തീരുമാനത്തിന് പിന്നില്‍. റൊണാള്‍ഡോയെ താരമാക്കിയ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ചിരവൈരികളായ സിറ്റിയിലേക്ക് റൊണോ പോകുമോ എന്നതാണ് യുണൈറ്റഡ് ആരാധകരുടെ ആശങ്ക. ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ വിവാ റൊണാള്‍ഡോ ചാന്റ്സ് ലോകത്തെ പാടി കേള്‍പ്പിച്ച മാഞ്ചസ്റ്ററില്‍ വീണ്ടും റൊണോയ്ക്കായി ആര്‍പ്പുവിളികളുയരും.
അപ്രതീക്ഷിത സൈനിങുകള്‍ കൊണ്ട് ഈ സീസണില്‍ ലോകത്തെ ഞെട്ടിച്ച പിഎസ്ജിയില്‍ നിന്നാണ് മറ്റൊരു പ്രധാന ട്രാന്‍സ്ഫര്‍ വാര്‍ത്ത വരുന്നത്. പിഎസ്ജിയുടെ മുന്നേറ്റക്കാരന്‍ കിലിയന്‍ എംബാപ്പെയ്ക്കായി സ്പാനിഷ് വമ്ബന്‍മാരായ റയല്‍ മാഡ്രിഡ് നടത്തുന്ന ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. 1400 കോടി രൂപയാണ് ഇരുപത്തിരണ്ടുകാരന് റയലിന്റെ വാഗ്ദാനം. നെയ്മറിന് പിന്നാലെ മെസിയും എത്തിയതോടെയാണ് പിഎസ്ജി വിടാനുള്ള മോഹം ഫ്രഞ്ച് താരം വ്യക്തമാക്കിയത്. മെസിയുടെ നിഴലില്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാകുമൊ എന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
അടുത്ത ജൂണ്‍ വരെ കരാറുണ്ടെങ്കിലും തുടരാനില്ലെന്ന് എംബാപ്പെ ക്ലബ്ബിനെ അറിയിച്ചു കഴിഞ്ഞു. റയലിന്റെ തൂവെള്ള കുപ്പായത്തില്‍ തന്റെ എക്കാലത്തെയും ആരാധപാത്രമായ സിനദിന്‍ സിദാന്റെ 5-ാം നമ്ബര്‍ കുപ്പായത്തില്‍ അടുത്ത സീസണ്‍ മുതല്‍ എംബാബേ പന്തുതട്ടും എന്നുതന്നെ കരുതാം. ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജില്‍ സിറ്റിയും പിഎസ്ജിയും ഒരേ ഗ്രൂപ്പിലായതോടെ മെസിയും റൊണാള്‍ഡേയും നേര്‍ക്കുനേര്‍ എറ്റുമുട്ടുന്നത് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആകാംഷകള്‍ക്കും ആശങ്കകള്‍ക്കും വിരാമമാകാന്‍ എന്തായാലും ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്ന ആഗസ്റ്റ് 31 വരെ കാത്തിരുന്നേ മതിയാകൂ.