ആം ആദ്മി പാർട്ടിയിലെ ഏഴ് രാജ്യസഭാ എം.പിമാരുടെ ബി.ജെ.പിയിലേക്കുള്ള ലയന പ്രക്രിയ ഇന്ന് പൂർത്തിയായേക്കുമെന്ന് റിപ്പോർട്ടുകൾ. ആവശ്യമായ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഇതിനോടകം പൂർത്തിയായതായും എം.പിമാരുടെ സംഘത്തെ ബി.ജെ.പി പാർലമെന്ററി പാർട്ടിയിൽ ലയിപ്പിക്കുന്നതിന് രാജ്യസഭാ ചെയർമാൻ ഇന്ന് അംഗീകാരം നൽകിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2027 ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടി നൽകിക്കൊണ്ടാണ് വെള്ളിയാഴ്ച ഏഴ് രാജ്യസഭാ എംപിമാർ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ, ഹർഭജൻ സിംഗ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാവ്നി എന്നിവരാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുന്നത്. തങ്ങൾ ഏഴ് പേരും ബിജെപിയിൽ ലയിച്ചതായി രാഘവ് ചദ്ദ ഡൽഹിയിൽ സ്ഥിരീകരിച്ചു.



