കൊവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കുന്ന അ​ലോപ്പതി മരുന്നകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യോഗ ഗുരു രാംദേവിനെതിരെ പൊലീസ്​ കേസെടുത്തു​. ഛത്തീസ്​ഗഢിലെ റായ്​പുര്‍ പൊലീസ്​​ വ്യാഴാഴ്​ചയാണ്​ രാമകൃഷ്​ണ യാദവ്​ എന്ന രാംദേവിനെതിരെ എഫ്​​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തത്​.

ഐ.പി.സി 188, 269, 504 വകുപ്പുകള്‍ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് രാംദേവിനെതിരെ കേസെടുത്തത്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഐ‌.എം‌.എ ആശുപത്രി ബോര്‍ഡ് ചെയര്‍മാന്‍ രാകേഷ് ഗുപ്ത, റായ്പൂര്‍ ഘടകം പ്രസിഡന്‍റ്​ വികാസ് അഗര്‍വാള്‍ എന്നിവര്‍ ബുധനാഴ്​ച രാത്രി നല്‍കിയ പരാതിയിലാണ്​ കേസെടുത്തതെന്ന്​ റായ്​പുര്‍ സീനിയര്‍ പൊലീസ്​ സൂപ്രണ്ട്​ അജയ്​ യാദവ്​ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌​ എന്നിവ അംഗീകരിച്ച കൊവിഡ്​ മരുന്നുകള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി രാംദേവ് തെറ്റായ വിവരങ്ങളും ഭീഷണി പ്രസ്താവനകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.