തിരുവനന്തപുരം: അനില്‍ അക്കര എംഎല്‍എയ്ക്കു മന്ത്രി എ.സി. മൊയ്തീന്റെ വക്കീല്‍ നോട്ടീസ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തിന്റെ പേരില്‍ തനിക്ക് മാനഹാനി വരുത്തിയതിനാണ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി നോട്ടീസ് അയച്ചത്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷനു വേണ്ടി യുഎഇ റെഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന ഫ്ളാറ്റ് സമുച്ഛയ നിര്‍മാണത്തിന്റെ ഇടനിലക്കാരനായി മന്ത്രി എസി മൊയ്തീന്‍ അഴിമതി നടത്തിയെന്ന് അനില്‍ അക്കര അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി.
ആകെ 140 യൂണിറ്റുള്ള ഭവന സമുച്ഛയത്തില്‍ നാലു കോടിയുടെ അഴിമതി നടന്നതായും ഇതില്‍ രണ്ടുകോടി മന്ത്രി എസി മൊയ്തീന് കൈമാറിയെന്നുമായിരുന്നു എംഎല്‍എ യുടെ ആരോപണം. രാഷ്ട്രീയത്തിന് അതീതമായി തന്റെ പൊതുസമ്മതിക്ക് ഇടിവ് വരുത്താന്‍ ഉദ്ദേശിച്ചാണ്, തീര്‍ത്തും അസത്യമാണെന്ന് അറിഞ്ഞിട്ടും അനില്‍ അക്കര അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്. നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നാണാവശ്യം. വീഴ്ച വരുത്തിയാല്‍ അപകീര്‍ത്തിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 500ാം വകുപ്പു പ്രകാരം ശിക്ഷ നല്‍കുന്നതിന് ക്രിമിനല്‍ ഫയലാക്കുമെന്നും അറിയിച്ചാണ് അഡ്വ. കെബി മോഹന്‍ദാസ് മുഖേന നോട്ടീസ് അയച്ചത്.



