പന്തളം: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുളനട കൈപ്പുഴ വടക്ക് പറയന്റയ്യത്ത് പുത്തന്‍വീട്ടില്‍ അഖില്‍ ഭവനില്‍ ശശികുമാറിന്റെ മകന് അഖില്‍ എസ്.കുമാറാ(27)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാരയ്ക്കാട് പടിഞ്ഞാറ്റേക്കര വടക്കേതില്‍ ശരണിനെ നാട്ടുകാര്‍ രക്ഷപെടുത്തി പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സുഹൃത്തുക്കളായ നാലുപേര്‍ ചേര്‍ന്ന് കുളനട പഞ്ചായത്തിലെ കൈപ്പുഴ മുടവണ്ടൂര് കടവിലൂടെ ആറ്റിലിറങ്ങി കുളിക്കുന്നതിനിടെയാണ് സംഭവം. പന്തളം കുടിവെള്ള സംഭരണിക്കു താഴെയുള്ള തടയണയിലൂടെ നടന്ന് മറുകരയിലുള്ള മുളമ്ബുഴ ഐവേലില്‍ കടവില്‍ അഖില്‍ കുളിക്കാനിറങ്ങി. മറ്റ് മൂന്നുപേരും കരയിലായിരുന്നു. നീന്തുന്നതിനിടെ അഖില്‍ മുങ്ങിത്താഴ്ന്നപ്പോള്‍ രക്ഷിക്കാനായി ശരണ്‍ ബഹളം വയ്ക്കുകയും വെള്ളത്തിലേക്കിറങ്ങുകയും ചെയ്തു.
നാട്ടുകാര്‍ ഓടിയെത്തി ശരണിനെ രക്ഷപെടുത്തി കരയിലെത്തിച്ചു. പിന്നീട് അഖിലിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.