മാഡ്രിഡ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന് ഉറപ്പായി. അഗ്യൂറോയുമായി ബാഴ്സ രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചതായാണ് വിവരം. ട്രാന്‍സ്ഫര്‍ വിദഗ്ധന്‍ ഫബ്രിസിയോ റൊമാനോയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കളിച്ച ശേഷമാണ് അഗ്യൂറോ ബാഴ്സയിലെത്തുന്നത്. ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന് പിന്നാലെ ബാഴ്സലോണ ഔദ്യോഗികമായി ട്രാന്‍സ്ഫര്‍ പ്രഖ്യാപിക്കും. അഗ്യൂറോ കൂടി എത്തുന്നതോടെ മെസി ക്ലബ് വിടാനുള്ള സാധ്യത കുറയുമെന്നാണ് കരുതുന്നത്. 2011-ല്‍ അത്ലറ്റിക്കോ മഡ്രിഡില്‍ നിന്നാണ് അഗ്യൂറോ സിറ്റിയിലെത്തിയത്. സിറ്റിയ്ക്കായി 384 മത്സരങ്ങളില്‍ നിന്നും 257 ഗോളുകളാണ് താരം നേടിയത്. സിറ്റിയ്ക്കായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന റിക്കാര്‍ഡ് അഗ്യൂറോയുടെ പേരിലാണ്.
കഴിഞ്ഞ കുറേ മത്സരങ്ങളായി താരം സിറ്റിയ്ക്ക് വേണ്ടി കളിച്ചിരുന്നില്ല. പരിക്കും പുതിയ താരങ്ങളുടെ വരവും താരത്തിന് വിനയായി. 32 കാരനായ അഗ്യൂറോ ഈ സീസണില്‍ 14 മത്സരങ്ങളാണ് കളിച്ചത്. മൂന്നുതവണ ഗോള്‍ നേടുകയും ചെയ്തു.



