ന്യൂഡല്‍ഹി: ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ നിന്നും ഒരാള്‍ പിന്മാറുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും സ്ത്രീപീഡനം കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതി. ലിവ്-ഇന്‍ ബന്ധം തകരുന്നത് വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് ബി.വി. നാഗരത്ന നിരീക്ഷണം നടത്തിയത്.
വിവാഹ വാഗ്ദാനം നൽകി യുവാവ് പീഡിപ്പിച്ചെന്നും മർദിച്ചെന്നും ആരോപിച്ച് യുവതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പരസ്പര സമ്മതത്തോടെയുള്ള ലിവ്-ഇൻ ബന്ധങ്ങളും ക്രിമിനൽ ലൈംഗീക കുറ്റകൃത്യങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും ചൂണ്ടിക്കാട്ടിയാണ് കോടതി പരാമർശം നടത്തിയത്.
പ്രായപൂർത്തിയായവർ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അപകടസാധ്യതകൾ ഉണ്ടെന്ന് ജസ്റ്റീസ് നാഗരത്ന അഭിപ്രായപ്പെട്ടു.
“ഇതൊരു ലിവ്-ഇന്‍ ബന്ധമാണ്. വിവാഹം കഴിക്കാതെ അവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഇപ്പോള്‍ അവര്‍ പീഡനത്തെക്കുറിച്ചും മര്‍ദ്ദനത്തെക്കുറിച്ചും പറയുന്നു. ഇതെന്താണ് ?’.-ജസ്റ്റീസ് നാഗരത്ന ചോദിച്ചു.
സമ്മതത്തോടെയുള്ള ബന്ധം ലൈംഗീകാതിക്രമ ആരോപണത്തിലേക്ക് എങ്ങനെ നയിക്കുമെന്നും ജസ്റ്റീസ് നാഗരത്ന ചോദിച്ചു.
ഹര്‍ജിക്കാരിക്ക് 18 വയസുള്ളപ്പോള്‍ പ്രതി പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തതായി അഭിഭാഷകന് കോടതിയെ അറിയിച്ചു. പ്രതി വിവാഹിതനായിരുന്നുവെന്ന കാര്യം യുവതി അറിഞ്ഞിരുന്നില്ലെന്നും വാദിച്ചു.
എന്നാല്‍, എന്തുകൊണ്ട് വിവാഹത്തിന് മുന്‍പ് അയാളോടൊപ്പം താമസിക്കാനും കുട്ടിയെ പ്രസവിക്കാനും യുവതി തീരുമാനിച്ചു എന്ന് കോടതി ചോദിച്ചു. പ്രതി ഇത്തരത്തില്‍ മറ്റ് സ്ത്രീകളെയും കബളിപ്പിച്ചിട്ടുണ്ടെന്ന വാദത്തിന്, ഇപ്പോള്‍ പരിഗണിക്കുന്നത് ഹര്‍ജിക്കാരിയുടെ കേസ് മാത്രമാണെന്ന് ജഡ്ജി മറുപടി നല്കി.
യുവതിയോട് കോടതി സഹതാപം പ്രകടിപ്പിക്കുകയും, കുട്ടിയുടെ ചെലവിനായി അവര്‍ക്ക് നിയമസഹായം തേടാമെന്നും അറിയിച്ചു. എന്നാല്‍ “ബന്ധം ഒരുപക്ഷേ അവിഹിതമായിരിക്കാം, പക്ഷേ ആ ബന്ധത്തില്‍ ജനിക്കുന്ന കുട്ടി അവിഹിതമല്ല. ഒരു വിവാഹബന്ധമായിരുന്നുവെങ്കില് അവളുടെ അവകാശങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ടതാകുമായിരുന്നു.’ ജഡ്ജി നിരീക്ഷിച്ചു. വിഷയം മധ്യസ്ഥതയിലൂടെ പരിഹരിക്കാനും കോടതി കക്ഷികളോട് നിര്‍ദ്ദേശിച്ചു.



