തിരുവനന്തപുരം: അവിശ്വാസ പ്രമേയം പരാജയപ്പെടുമെങ്കിലും കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ ഈ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതൊരു കൊള്ള സംഘത്തിന്റെ ഭരണമാണ്. യഥാര്‍ത്ഥ മന്ത്രിമാ‌ര്‍ ശിവശങ്കറും സ്വപ്‌നയും മറ്റ് ചില ഉദ്യോഗസ്ഥന്മാരും മാത്രമാണ്. ഇടതുമുന്നണി യോഗം പോലും സംസ്ഥാനത്ത് ചേരുന്നില്ല. ഇത് രാജഭരണമാണ്. പിണറായി വിജയന്റെ റേറ്രിംഗ് വരും ദിവസങ്ങളില്‍ ജനം കുറയ്ക്കുമെന്നും ചെന്നിത്തല ആരോപിച്ചു.

രേഖകളുടെ പിന്തുണയോടെയാണ് താന്‍ ഓരോ അഴിമതി ആരോപണങ്ങളും ഉന്നയിച്ചത്. ഉന്നയിച്ച ഒരു ആരോപണങ്ങളും ഉണ്ടയില്ലാ വെടിയല്ല. കൊവിഡിന്റെ മറവില്‍ നടക്കുന്നതെല്ലാം അഴിമതികളാണ്. ശിവശങ്കറിനെ കാനം ആട്ടിപുറത്താക്കിയിട്ടും സി.പി.ഐ പറഞ്ഞത് മുഖ്യമന്ത്രി കേട്ടിട്ടില്ല. മദ്യ മുതലാളിയ്ക്ക് വേണ്ടി കോടികളാണ് ഒഴുക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ എന്ന പൊന്മുട്ടയിടുന്ന താറാവിനെ സര്‍ക്കാര്‍ കൊന്നു. ഭരണത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ള്‍ട്ടന്‍സി രാജാണ് ഇവിടെ അരങ്ങേറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അവിശ്വാസം വരും നാളുകളിലെ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും. കേരളത്തിലെ ദേശീയപാതകളില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സര്‍‌ക്കാര്‍ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് പതിച്ച്‌ കൊടുത്തിരിക്കുകയാണ്.