മുംബൈ: അശ്ലീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്ര പ്രതിയായ കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരണവുമായി ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. ഭര്‍ത്താവ് രാജ് കുന്ദ്ര കസ്റ്റഡിയിലായതിന് ശേഷം അടുത്തിടെയാണ് നടി പൊതുവേദികളില്‍ സജീവമായത്. ശില്‍പ്പ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

‘അവിടെയും ഇവിടെയും കുറച്ച്‌ തെറ്റുകള്‍ സംഭവിക്കാതെ ആഹ്ലാദകരമായ ജീവിതം ഉണ്ടാകില്ല’. ഒരു പുസ്തകത്തിലെ വരികള്‍ പങ്കുവച്ച്‌ നടി പറയുന്നു. ഇറ്റാലിയന്‍ നടി സോഫിയ ലോറന്റെ ‘തെറ്റുകള്‍ ജീവിതത്തിന്റെ ഭാഗമാണ് എന്നും അതില്ലാതെ ജീവിതമുണ്ടാകില്ലെന്നും പൂര്‍ണമായ ജീവിതത്തിനായി ഒരാള്‍ നല്‍കുന്ന കുടിശ്ശികയുടെ ഭാഗമാണ് തെറ്റുകള്‍’ എന്ന ഉദ്ധരണിയോടെയാണ് പുസ്തകത്തിലെ പേജ് ആരംഭിക്കുന്നത്.

ജൂലൈ 19നാണ് അശ്ലീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ രാജ് കുന്ദ്ര റിമാന്‍ഡില്‍ തുടരുകയാണ്. അതേസമയം, സംഭവത്തില്‍ ശില്‍പ്പ ഷെട്ടിയെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.